

നടൻ കൊല്ലം ഷായുടെ ഹൃദയശസ്‌ത്രക്രിയ സൗജന്യമായി നടത്താൻ മുൻകൈയെടുത്ത മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടൻ മനോജ്. സിനിമ-സീരിയൽ രംഗത്ത് സജീവമായ നടൻ ഷായ്‌ക്ക് ഒരു സീരിയൽ ഷൂട്ടിങ്ങിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദയത്തിൽ നാല് ബ്ലോക്ക് ഉള്ളതായി കണ്ടത്തി. അടിയന്തരമായി ശസ്‌ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടു.
ശസ്‌ത്രക്രിയ നടത്താൻ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ വിഷമിച്ച ഷായുടെ കുടുംബത്തെ സീരിയൽ താരങ്ങളുടെ സംഘടനയായ 'ആത്മ' കുറച്ചു പണം നൽകി സഹായിച്ചുവെന്നും മനോജ് പറഞ്ഞു. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് ലക്ഷങ്ങൾ ചിലവു വരുമെന്നിരിക്കെ താൻ ആണ് മമ്മൂട്ടിയോട് സഹായം അഭ്യർഥിച്ച് അദ്ദേഹത്തിന് മെസ്സേജ് അയച്ചത്. തുടർന്ന് മമ്മൂട്ടി നേരിട്ട് വിളിച്ച് ഷായുടെ ചികിത്സയ്‌ക്ക് വേണ്ട സഹായം ചെയ്യാമെന്ന് പറഞ്ഞതായും മനോജ് വിഡിയോയിൽ പറഞ്ഞു.
ചികിത്സ ചെലവിന് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുമ്പോഴാണ് ഷാജി തിരുമലയോട് വിവരം മമ്മൂട്ടിയെ അറിയിച്ചാലോ എന്ന് ചോദിച്ചത്. തുടർന്ന് മമ്മൂട്ടിക്ക് ഷായുടെ അവസ്ഥ അറിയിച്ച് ഒരു മെസ്സേജ് അയച്ചു. എന്നാൽ ആദ്യ രണ്ട് തവണയും മെസ്സേജിന് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം ഇങ്ങോട്ട് വിളിച്ച് സഹായം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നുവെന്നും മനോജ് പറഞ്ഞു.
'ഇരട്ടി മധുരം പോലെ രണ്ട് സന്തോഷമാണ് എനിക്ക് ഉണ്ടായിരിക്കുന്നത്. ഫോണിൽ മമ്മൂക്കയുടെ നമ്പർ സേവ് ചെയ്‌തു വെച്ചിട്ടുണ്ട്. ആ നമ്പറിൽ നിന്നും ആദ്യമായി ഒരു കോൾ എനിക്ക് വന്നപ്പോൾ പകച്ചു നിന്നു. ജൂൺ 15ന് 6.55ന് എന്റെ ഫോണിലേക്ക് മമ്മൂക്കയുടെ കോൾ വന്നു. എന്റെ കയ്യും കാലും വിറച്ചു പോയി. ഫോണിൽ ഒന്നുകൂടി നോക്കി, മമ്മൂക്ക ആണോന്ന്. പിന്നീട് ഞാൻ ഫോൺ എടുത്തു. അദ്ദേഹം 'മനോജേ' എന്ന് വിളിച്ചു. ഞാൻ മറുപടി പറയാൻ കഴിയാതെ നിൽക്കുകയാണ്. 'മനോജ്, ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും'- മമ്മൂക്ക പറഞ്ഞു.
അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയിൽ വിളിച്ചു പറഞ്ഞു. ഷാ ഇക്കയുടെ ചികിത്സ മുഴുവൻ സൗജന്യമായി. ജീവിതത്തിൽ ആദ്യമായി ഈ സിംഹത്തിന്റെ കോൾ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല. അദ്ദേഹം ശരിക്കും സ്നേഹമുള്ള സിംഹം തന്നെയാണ്. ഷാ ഇക്കയുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന് ആശുപത്രിയിൽ നടന്നു. അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം'.– മനോജ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates