'സത്യം അറിഞ്ഞപ്പോൾ പൃഥ്വിരാജും പിൻമാറി, ജനങ്ങളിൽ നിന്നും പിരിച്ച് കിട്ടിയത് രണ്ട് കോടി, ആർക്കും പരിശോധിക്കാം'

ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത് ചെയ്യുന്ന സിനിമയുടെ ലാഭ വിഹിതം സമൂഹിക സേവനങ്ങൾക്ക് ഉപയോ​ഗിക്കും
സംവിധായകൻ രാമസിംഹൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്
സംവിധായകൻ രാമസിംഹൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്

'1921: പുഴ മുതൽ പുഴ വരെ' എന്ന ചിത്രം തന്നെ ട്രോളുന്നവർക്കും ആക്രമിക്കുന്നവർക്കുള്ള മറുപടിയാണെന്ന് സംവിധായകൻ രാമസിംഹൻ (അലി അക്ബർ). ജനങ്ങളുടെ പണം പിരിച്ചാണ് ചിത്രം നിർമിച്ചത്. സത്യത്തെ ഭയക്കുന്നവരാണ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നാടുമുഴുവൻ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. എന്നാൽ തന്റെ സിനിമയ്‌ക്കെതിരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ പലയിടത്തും സിനിമയുടെ പോസ്റ്റർ വലിച്ചുകീറിയ നിലയിലാണ്. തന്നെ ട്രോളുന്നത് കണ്ട് അനുകമ്പ തോന്നി സിപിഎമ്മുകാർ പോലും തനിക്ക് സിനിമ നിർമിക്കാൻ പണം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടര കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. ഇതിൽ രണ്ട് കോടിയും ജനങ്ങളിൽ നിന്നും പിരിച്ച് കിട്ടിയ തുകയാണ്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. ഇത് ഓഡിറ്റും ചെയ്തതാണ്. ആർക്കും പരിശോധിക്കാം. ദിവസേന രണ്ടരലക്ഷത്തോളം രൂപ ചെലവിൽ അൻപതു ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. എന്നിട്ടും ജനങ്ങളുടെ പണം താൻ തട്ടിയെന്നാണ് ആക്ഷേപം. 

സിനിമയുടെ ചിത്രീകരണം പോലും തടസപ്പെടുത്താൻ നിരവധിപ്പേർ ശ്രമിച്ചു. ലൊക്കേഷനിൽ ഉദ്യോഗസ്ഥരെ അയച്ച് നിരന്തരം ഭീഷണി മുഴക്കി. ചിത്രം പൂർത്തിയായപ്പോൾ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും സർട്ടിഫിക്കറ്റ് തടഞ്ഞു വെച്ചു. പിന്നീട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. തുടർന്നുണ്ടായ ഇടപെടലിലാണ് സർട്ടിഫിക്കറ്റ് കിട്ടിയതെന്ന് സംവിധായകൻ പറഞ്ഞു.

പൃഥ്വിരാജ് വാരിയംകുന്നൻ ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചപ്പോഴാണ് വാരിയംകുന്നനെ വിമർശിച്ച് സിനിമ ചെയ്യാൻ താൻ തീരുമാനിച്ചത്. ചരിത്രം പഠിക്കാതെയാണ് പൃഥ്വിരാജ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ സത്യം മനസിലായപ്പോൾ അദ്ദേഹം പിൻമാറിയെന്നും അലി അക്‌ബർ പറഞ്ഞു. 

ഇന്ന് റിലീസ് ചെയ്യുന്ന 1921. പുഴ മുതൽ പുഴ വരെ മലയാളം, ഹിന്ദി പതിപ്പുകളിലായി 86 തിയേറ്ററുകളിലേക്കാണ് എത്തുന്നത്. ചിത്രത്തിന് വേണ്ടി രൂപീകരിച്ച 'മമധർമ' എന്ന കമ്പനി ട്രസ്റ്റിയായി രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. സിനിമയിൽ നിന്നും കിട്ടുന്ന ലാഭ വിഹിതം സാമൂഹ്യസേവനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com