

മോഹൻലാൽ ചിത്രമെന്ന ഹൈപ്പിൽ വന്ന് തിയേറ്ററുകളിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് 'ആറാട്ട്'. ഉദയകൃഷ്‌ണന്റെ തിരക്കഥയിൽ ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത ആറാട്ട് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു.
ഇപ്പോഴിതാ ചിത്രം ചെയ്‌തതിൽ പിഴവു സംഭവിച്ചുവെന്ന് ഫിലിം കമ്പാനിയന് നൽകിയ ഒരു അഭിമുഖത്തിൽ ഉണ്ണികൃഷ്‌ണൻ വെളിപ്പെടുത്തി. ആറാട്ട് ഒരു സ്‌പൂഫ് സിനിമയായി ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ പിന്നീട് വന്ന പല ആശങ്കകളും കാരണം കഥ തന്നെ മാറ്റേണ്ടി വന്നു. അവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
‘‘എന്റെ സോണിലുള്ള സിനിമയായിരുന്നില്ല ‘ആറാട്ട്’. ഉദയകൃഷ്ണയാണ് നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. അങ്ങനെ ഞങ്ങൾ രണ്ട് പേരും അതിൽ ഇരുന്ന് വർക്ക് ചെയ്തപ്പോൾ ഇതൊരു സ്പൂഫ് ഫിലിമാക്കിയാലോ എന്ന് തോന്നി. ലാൽ സാറിന്റെ സൂപ്പർ സ്റ്റാർഡം ഉണ്ടാക്കിയ ചില സിനിമകൾ പുള്ളിയെ കൊണ്ട് തന്നെ സ്പൂഫ് ചെയ്യിക്കുകയാണെങ്കിൽ ഭയങ്കര രസകരമായിരിക്കും. വേറെ ഒരു ആക്ടറോട് പോയി പറഞ്ഞാൽ ഒരു പക്ഷേ ഇങ്ങനൊരാശയം സമ്മതിക്കില്ല.
എന്നാൽ ലാൽ സാറിനോട് പറഞ്ഞപ്പോൾ, ‘‘എന്തുകൊണ്ട് ചെയ്തുകൂടാ, ചെയ്യാമെന്ന്’’ പറഞ്ഞു. അങ്ങനെ ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ ആ സ്പൂഫ് മോഡ്, സിനിമ മുഴുവൻ വേണമായിരുന്നു. അവിടെയാണ് ഞങ്ങൾക്ക് തെറ്റു പറ്റിയത്. സെക്കൻഡ് ഹാഫിൽ ആവശ്യമില്ലാത്ത സ്ഥലത്തേക്ക് നമ്മൾ പോയി. അങ്ങനെ ഒരു ട്രാക്കിലേക്ക് അതു പോകേണ്ട ആവശ്യമില്ലായിരുന്നു. ഫുൾ ഓൺ സ്പൂഫാണ് പ്ലാൻ ചെയ്തത്.
ലാൽ സാറിനോടു മാത്രമല്ല പലരോടും കഥ നരേറ്റ് ചെയ്തിരുന്നു. നിങ്ങൾ ലാൽ സാറിനെ വച്ച് ഹെവി ആയി ഒരു സിനിമ ചെയ്യുമ്പോൾ കംപ്ലീറ്റ് സ്പൂഫാണെങ്കിൽ ആളുകൾ എന്തു പറയുമെന്നാണ് പലരും ചോദിച്ചത്. അത് കേട്ടപ്പോൾ ഞങ്ങളും ആശയക്കുഴപ്പത്തിലായി. അങ്ങനെയാണ് പിന്നെ കഥ മാറ്റിയത്. പക്ഷേ ആ സ്പൂഫ് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.
അവസാനം ആഡ് ചെയ്ത സ്പൂഫ് രംഗങ്ങൾ പലതും വർക്ക് ആയുമില്ല. ഹൈദരാബാദ് സീനും സ്പൂഫാണ്. തന്നെയുമല്ല, ഇതിനെയൊന്നും സ്പൂഫായി കാണാതെ പഴയ മാസ് സിനിമകളുടെ റെഫറൻസായാണ് ആളുകൾ കണ്ടത്. അതൊന്നും സെലിബ്രേഷൻസ് അല്ലായിരുന്നു. തളർന്നുകിടക്കുന്ന ആള് പാട്ടു കേട്ട് എഴുന്നേറ്റുവരുന്ന രംഗം തന്നെ ‘ചന്ദ്രലേഖ’ സിനിമയുടെ സ്പൂഫ് ആയി ചെയ്തതാണ്. പക്ഷേ ആളുകൾ അതിനെ അങ്ങനെയല്ല കണ്ടത്. ‘
‘കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങൾ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്നങ്ങളുമുണ്ടോ’’? എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്. ഈ ചോദിക്കുന്നത് മോഹൻലാൽ ആണെന്ന് ഓർക്കണം. മമ്മൂക്കയുടെ കിങ് സിനിമയിലെ ഡയലോഗ് വരെ അദ്ദേഹം പറഞ്ഞു. പക്ഷേ പിന്നീടുള്ള ഏരിയയിൽ ഇതെല്ലാം മിസ് ചെയ്തു. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടുപോകണമായിരുന്നു. മാത്രമല്ല പെട്ടന്ന് നെയ്യാറ്റിൻകര ഗോപൻ ഒരു ഏജൻറ് ആണെന്ന് പറയുന്നത്ആളുകൾക്ക് ബാലിശമായി തോന്നി.
എന്നിട്ടാണോ അയാൾ വന്ന് സ്പൂഫ് ചെയ്യുന്നത് എന്നുപറയുന്ന സംഗതി ഉണ്ടല്ലോ. ഏജന്റ് ഫാക്ടർ ഫണ്ണിയായിക്കോട്ടെ എന്ന് വിചാരിച്ചാണ് എക്‌സ് എന്നൊക്കെ ഞാൻ ഇട്ടത്. പക്ഷേ അതൊക്കെ സീരിയസായി. ഇതുമായി ബന്ധപ്പെട്ടുവന്ന ട്രോളുകളെല്ലാം നീതീകരിക്കാനാകുന്നതാണ്.’’– ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates