'ആ ആഗ്രഹം സാധിച്ചു തന്നതിന് നന്ദി, ചാക്കോച്ചനെ കണ്ണുനിറയെ കണ്ടു'; വികാരനിർഭരമായ കുറിപ്പുമായി നടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd March 2023 08:15 AM |
Last Updated: 23rd March 2023 08:15 AM | A+A A- |

കുഞ്ചാക്കോ ബോബനൊപ്പം ഐറിൻ, നടി സീമ ചിത്രം/ ഫെയ്‌സ്‌ബുക്ക്
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനെ കാണണമെന്നായിരുന്നു അവളുടെ ആഗ്രഹം അത് സാധിച്ചു കൊടുക്കാൻ കഴിഞ്ഞെങ്കിലും ഏറെ വൈകാതെ അവൾ ഈ ഭൂമിവിട്ടു പോയി... ക്യാൻസർ ബാധിച്ച് അകാലത്തിൽ പൊലിഞ്ഞ ഐറിൻ എന്ന കുരുന്നിനെ കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടി സീമ ജി നായർ. കുഞ്ചാക്കോ ബോബനെ കാണാൻ സഹായിച്ചതിലുള്ള നന്ദി അറിയിച്ച് ഐറിൻ അയച്ചു കൊടുന്ന വിഡിയോയും നടി ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
സീമ ജി നായറുടെ കുറിപ്പിന്റെ പൂർണരൂപം
ശുഭദിനം.. ഈ കുറിപ്പ് എഴുതുന്നത് പൊന്നുവിന്റെ (ഐറിൻ) ഓർമക്കായി.. ഏകദേശം 3 മാസങ്ങൾക്കു മുന്നേ തൊടുപുഴ സ്മിത മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാർട്മെന്റിലെ Dr Sanjo എനിക് ഒരു മെസ്സേജ് അയച്ചു.. (എനിക്ക് ഡോക്ടറെ നേരത്തെ അറിയാമായിരുന്നു) എന്റെ സഹോദര തുല്യനായ സുരേഷിനെ ഡോക്ടർ നോക്കിയിരുന്നു.. ഡോക്ടറിന്റെ മെസ്സേജ് വായിക്കുമ്പോളാണ് പൊന്നുവിനെ കുറിച്ച് ഞാൻ അറിയുന്നത്.. അവളുടെ അസുഖത്തിന്റെ കാഠിന്യത്തിലും എല്ലാവർക്കും ധൈര്യം പകർന്നു നൽകിയ, ഈ കുഞ്ഞ് പ്രായത്തിലും മനോധൈര്യം കൈവിടാതെ തന്റെ അസുഖത്തെ നേരിട്ട പൊന്നു.. അവളുടെ അസുഖത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് അവൾ കടന്നു പോയ്കൊണ്ടിരുന്നത്.. അവളുടെ ഏറ്റവും വലിയ ഒരാഗ്രഹത്തെ കുറിച്ചായിരുന്നു ആ മെസ്സേജ്.. ചാക്കോച്ചനെ ഒന്ന് കാണണം.. നവംബർ 29 നു പൊന്നുവിന്റെ പിറന്നാളും ആണ്.. സത്യത്തിൽ ഒരു നിമിഷം ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു പോയി.. ഗുരുതരമായ രോഗം ബാധിച്ച 600 ൽ അധികം കുഞ്ഞുങ്ങളുടെ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തിട്ടുണ്ട്.. ചാക്കോച്ചന് നല്ല തിരക്കുള്ള സമയവും.. ടൈം കിട്ടാതെ വരുമോ.. ദൂരെയാണ് ഷൂട്ടാണെങ്കിൽ അതും പ്രശ്നമാവും.. ഞാൻ അദ്ദേഹത്തിന് ഡോക്ടറിന്റെ മെസ്സേജ് അയച്ചു കൊടുത്തു.. ആശങ്കകൾ അസ്ഥാനത്താക്കി മറുപടി വന്നു, തീർച്ചയായും കാണാം ഡേറ്റ് നോക്കട്ടെയെന്നു.. ഇത്രയും തിരക്കിനിടയിലും കുഞ്ഞിനെ കാണാൻ അദ്ദേഹം സമയം കണ്ടെത്തി.. എത്ര നന്ദി പറഞ്ഞാലും അത് പകരമാവില്ല ദൈവനിശ്ചയം പോലെ മോളുടെ പിറന്നാളിന്റെയന്നു അവളെയും കുടുംബത്തിനെയും ഡോക്ടറിനെയും ചാക്കോച്ചൻ എറണാകുളത്തേക്ക് ക്ഷണിച്ചു.. പിറന്നാൾ സദ്യയും കഴിച്ച് കേക്കും കട്ട് ചെയ്ത് ഫോട്ടോയും എടുത്തു കഴിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അവൾക്ക്.. ആ സന്തോഷം നേരിട്ടു കാണാൻ എനിക്ക് ഭാഗ്യം കിട്ടിയില്ല.. ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു.. അതിനു ശേഷം ഒരു വീഡിയോ എടുത്ത് അവൾ അയച്ചു തന്നു.. ചാക്കോച്ചന്റെ കൂടെയുള്ള ഫോട്ടോയും.. ആ വീഡിയോയും കണ്ടപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു.. ഈ കുഞ്ഞിനാണോ ഇത്രയും ഗുരുതരമായ അസുഖമെന്ന്.. അവളെ കാണാൻ ചെല്ലാമെന്നു ഡോക്ടറോട് ഞാൻ പറഞ്ഞിരുന്നു.. പക്ഷെ ഞാൻ എത്താൻ അവൾ കാത്തു നിന്നില്ല.. അവളുടെ ആഗ്രഹം സാധിച്ചു 3 മാസത്തിനുള്ളിൽ ഈശ്വരസന്നിധിയിലേക്ക് പൊന്നു യാത്രയായി.. ആ വാർത്ത എനിക്ക് ഷോക്കായിരുന്നു.. ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. ഞാൻ കാണാതെ കണ്ട പൊന്നുവായിരുന്നു മനസ്സിൽ നിറയെ.. കുഞ്ഞ് മാലാഖമാരോടൊപ്പം അവൾ സ്വർഗത്തിൽ ഓടി കളിക്കുന്നുണ്ടായിരിക്കും.. അവളുടെ ആത്മാവിനു നിത്യശാന്തി നൽകണമേയെന്നു പ്രാർത്ഥിക്കുന്നു... അവളുടെ അച്ഛനും അമ്മയ്ക്കും കുടുംബത്തിലുള്ള എല്ലാവർക്കും ഇത് താങ്ങാനുള്ള കരുത്ത് നൽകട്ടെ. അവൾ എനിക്കയച്ച Thanking വിഡിയോ കൂടി പോസ്റ്റ് ചെയ്യുന്നു..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ