'ടിനി ടോമിന്റേത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി, സഹപ്രവർത്തകരെ താറടിച്ചുകാണിച്ചു'; അമ്മ നടപടിയെടുക്കണമെന്ന് ജോയ് മാത്യു

‘അമ്മ’ ഭാരവാഹി എന്ന നിലയിൽ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിപ്പോയെന്നും മലയാള സിനിമാ ഇൻഡസ്ട്രിയെ ഒന്നടങ്കം ഇത് മോശമായി ബാധിക്കുമെന്നും ജോയ് മാത്യു
ജോയ് മാത്യു, ടിനി ടോം/ഫോട്ടോ: ഫെയ്സ്ബുക്ക്
ജോയ് മാത്യു, ടിനി ടോം/ഫോട്ടോ: ഫെയ്സ്ബുക്ക്

ലയാള സിനിമയിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ടിനി ടോമിന്റെ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇപ്പോൾ ടിനി ടോമിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു. ‘അമ്മ’ ഭാരവാഹി എന്ന നിലയിൽ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിപ്പോയെന്നും മലയാള സിനിമാ ഇൻഡസ്ട്രിയെ ഒന്നടങ്കം ഇത് മോശമായി ബാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു. 

ടിനി ടോം പറഞ്ഞ കാര്യത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ പറ്റില്ല. എന്റെ മകനെപ്പറ്റിയാണെങ്കിൽ എനിക്കു പറയാം. അദ്ദേഹം പറഞ്ഞതൊക്കെ സിനിമാ രംഗത്തിന് മോശം പ്രതിച്ഛായ സൃഷ്ടിക്കും. രാഷ്ട്രീയക്കാരിലും മദ്യപിക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരും ഉണ്ടാകാം. അതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എത്രയോ പേർ നല്ല സ്വഭാവമുള്ളത് കാണും. നമ്മൾ ഒരാളെ ചൂണ്ടി ആരോപണം ഉന്നയിക്കുമ്പോൾ അത് ആരാണ് എന്താണെന്ന് എന്തുകൊണ്ടാണ് എന്നൊക്കെ വ്യക്തമാക്കണം. വെറുതെ കാടടച്ച് വെടിവയ്ക്കരുത്. - താരം വ്യക്തമാക്കി. 

അതൊക്കെ പ്രശസ്തിക്കുവേണ്ടി ചെയ്യുന്നതായിരിക്കും എന്നാണ് ജോയ് മാത്യു പറയുന്നത്. ഇതേക്കുറിച്ച് ‘അമ്മ’ സംഘടന തന്നെ ടിനി ടോമിനോട് ചോദിക്കണമെന്നും ചെയ്തത് തെറ്റാണെങ്കിൽ അത് തുറന്നു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അമ്മ’യുടെ ഔദ്യോഗിക ഭാരവാഹികൾ സഹപ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് കൃത്യമായി അറിഞ്ഞിട്ടുവേണം പറയാൻ. ‘അമ്മ’ ഭാരവാഹികളെ സംബന്ധിച്ചടത്തോളം അത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിപ്പോയി. സഹപ്രവർത്തകരെ ശരിക്കും താറടിച്ചുകാണിക്കുകയാണ് ഇതിലൂടെ ഉണ്ടായത്.- ജോയ് മാത്യു പറഞ്ഞു. 

സെറ്റിലെ ലഹരി ഉപയോ​ഗത്തേക്കുറിച്ചും താരം പ്രതികരിച്ചു. ‘സെറ്റിൽ താമസിച്ചു വരുന്നു എന്നത് അവരുടെ സ്വഭാവമായിരിക്കാം. എന്നാൽ ലഹരി ഉപയോഗിച്ചാണ് വരുന്നതെന്ന് പറയാൻ കഴിയില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം ലഹരി ഉപയോഗിച്ച് ഒരാൾക്ക് പെർഫോം ചെയ്യാൻ സാധിക്കില്ല. പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും. മദ്യപിച്ചാൽ പോലും അഭിനയിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊരു കുട്ടിക്കളിയല്ല, ബോധം വേണ്ട കാര്യമാണ്. വലിയ ഡയലോഗുകള്‍ ഉണ്ടാകും ഫൈറ്റ് സീൻ‍ ഉണ്ടാകും. ഇതിനൊക്കെ ലഹരി ഒരു സഹായ ഘടകമല്ല.- ജോയ് മാത്യു പറ‍ഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com