'യോജിപ്പോ വിയോജിപ്പോ ഉണ്ടായിക്കോട്ടെ'; കേരള സ്റ്റോറിയുടെ നിരോധനത്തിനെതിരെ അനുരാഗ് കശ്യപ്

ദി കേരള സ്റ്റോറി നിരോധനത്തിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ്
അനുരാഗ് കശ്യപ്, ദി കേരള സ്റ്റോറി പോസ്റ്റർ/ ഇൻസ്റ്റാ​ഗ്രാം
അനുരാഗ് കശ്യപ്, ദി കേരള സ്റ്റോറി പോസ്റ്റർ/ ഇൻസ്റ്റാ​ഗ്രാം

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ 'ദി കേരള സ്റ്റോറി'യുടെ പ്രദർശനം നിരോധിച്ചതിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ്. ഒരു സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്ന് പശ്ചിമ ബം​ഗാൾ സർക്കാരിന്റെ നിലപാടിനെ ചൂണ്ടിക്കാട്ടി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒരു സിനിമയോട് യോജിപ്പോ വിയോജിപ്പോ ഉണ്ടായിക്കോട്ടെ. അത് പ്രൊപ്പഗണ്ടയോ, നിന്ദ്യമോ ആകട്ടെ. എന്നാല്‍ അതിനെ നിരോധിക്കുന്നത് തെറ്റാണെന്ന് സംവിധായകന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും മമത നിര്‍ദേശം നല്‍കി. ആദ്യം അവര്‍ കശ്മീര്‍ ഫയലുമായാണ് വന്നത്. ഇപ്പോള്‍ കേരള സ്‌റ്റോറിയും. ഇനി ബംഗാള്‍ ഫയലുകള്‍ക്കായി അവര്‍ പ്ലാന്‍ ചെയ്യുകയാണ്. കേരള സ്റ്റോറി വളച്ചൊടിച്ച കഥയാണെന്നും മമത പറഞ്ഞു. ബം​ഗാളിലെ നിരോധനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ വ്യക്തമാക്കി. 

തമിഴ്നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തിയേറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിയേറ്ററില്‍ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി. ചെന്നൈയില്‍ 13 മള്‍ട്ടിപ്‌ളക്‌സുകളിലും കോയമ്പത്തൂരില്‍ മൂന്നുതിയേറ്ററിലും സേലത്ത് രണ്ടിടത്തും വെല്ലൂരില്‍ ഒരിടത്തുമാണ് വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്തത്. ആദ്യദിവസം നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനമെങ്കിലും രണ്ടാംദിവസത്തോടെ കാണികള്‍ കുറഞ്ഞു.

സംഘര്‍ഷസാധ്യത കാരണം ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടിപ്ലക്‌സുകളില്‍ മറ്റുചിത്രങ്ങള്‍ക്കും ആളുകുറയാന്‍ തുടങ്ങി. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു. ത്തര്‍ പ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ കേരള സ്‌റ്റോറിയ്ക്ക് നികുതിയിളവടക്കമുള്ള ആനുകൂല്യം നല്‍കിയിയിരിക്കുകയാണ്. 56 കോടിയോളം രൂപയാണ് ചിത്രം ഇതുവരെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com