'കുറ്റബോധമുണ്ട്, പറയാൻ പാടില്ലായിരുന്നു'- പെപ്പെയോട് മാപ്പ് പറഞ്ഞ് ജൂഡ് ആന്റണി

പ്രൊഡ്യൂസറുടെ അടുത്തു നിന്ന് 10 ലക്ഷം രൂപ വാങ്ങിയ ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വർ​ഗീസ് പിന്മാറിയെന്നാണ് ജൂഡിന്റെ ആരോപണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടൻ ആന്റണി വർ​ഗീസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി. പരാമർശത്തിൽ കുറ്റബോധമുണ്ടെന്നും സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പെപ്പെയുടെ പെങ്ങൾക്കും കുടുംബത്തിനും വിഷമം ആയിട്ടുണ്ടാകുമെന്നും അവരോട് മാപ്പ് പറയുന്നതായും അഭിമുഖത്തിൽ ജൂഡ് വ്യക്തമാക്കി. 

'പെപ്പെയ്ക്കെതിരെ സംസാരിച്ചതിന്റെ കുറ്റബോധത്തിലാണ് ഞാൻ ഇരിക്കുന്നത്. അദ്ദേഹം പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയിൽ നിന്നു അഡ്വാൻസ് വാങ്ങിച്ച കാശു കൊണ്ടാണെന്ന് പറഞ്ഞിരുന്നു. അത് സത്യമാണെന്നു പോലും അറിയാത്ത കാര്യമായിരുന്നു. പറഞ്ഞ ടോണും മാറി. പറഞ്ഞ കാര്യവും വേണ്ടായിരുന്നു. പെപ്പെയുടെ പെങ്ങൾക്കും കുടുംബത്തിനും ഒരുപാട് വിഷമം ആയിട്ടുണ്ടാകും. അവരോട് മാപ്പ് പറയുന്നു.'

'വായിലെ നാക്കു കാരണം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. ആ നിർമാതാവിനെ മാത്രമേ ഞാൻ ഓർത്തുള്ളു. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും കരയുന്നത് കണ്ടിട്ടുണ്ട്. അതോർത്ത് പറഞ്ഞതാണ്. പക്ഷേ, മോശമായിപ്പോയി. ഇത് പറയാൻ പെപ്പെയെ വിളിച്ചിരുന്നു. എന്നാൽ ഫോണിൽ കിട്ടിയില്ല'- ജൂഡ് വ്യക്തമാക്കി. 

പ്രൊഡ്യൂസറുടെ അടുത്തു നിന്ന് 10 ലക്ഷം രൂപ വാങ്ങിയ ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വർ​ഗീസ് പിന്മാറിയെന്നാണ് ജൂഡിന്റെ ആരോപണം. തന്റെ പടം ചെയ്യാൻ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ അടുത്തു നിന്ന് 10 ലക്ഷം രൂപ വാങ്ങി അവന്റെ പെങ്ങളുടെ കല്യാണം നടത്തി അതിനു ശേഷം ആ സിനിമയിൽ നിന്ന് 18 ദിവസം മുൻപ് പിൻമാറിയ ഒരുത്തനാണ് ആന്റണി എന്നായിരുന്നു ജൂഡിന്റെ ആരോപണം. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വം ആണെന്നും മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആരോപിച്ചിരുന്നു. 

ഇതിനെതിരെ ആന്റണി വർ​ഗീസ് രം​ഗത്തെത്തിയിരുന്നു. സിനിമയുടെ അഡ്വാൻസായി വാങ്ങിയ 10 ലക്ഷം രൂപ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണം എന്നാണ് പെപ്പെ പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായം സഹിക്കാവുന്നതിലും അപ്പുറമാണെന്നും പ്രശ്നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും പെപ്പെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിന്‍മാറിയെന്ന് പറഞ്ഞ സിനിമയുടെ കഥ വായിച്ചപ്പോള്‍ തന്നെ കണ്‍ഫ്യൂഷനുണ്ടായിരുന്നു. അത്‌ ജൂഡിന് അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞു. പിന്നെ ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് പിന്മാറിയത് എന്നാണ് ആന്റണി വർ​ഗീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com