'അമ്പൂച്ചന്റെ അച്ഛനാണ്, അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല'; ക്ലൈമാക്സ് ആകുമ്പോൾ അറിയിക്കാമെന്ന് വീണ നായർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2023 10:42 AM  |  

Last Updated: 22nd May 2023 10:42 AM  |   A+A-   |  

veena_nair_divorce

വീണ നായരും ഭർത്താവ് അമനും/ ഫെയ്സ്ബുക്ക്

 

വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് നടിയും ബി​ഗ് ബോസ് താരവുമായ വീണ നായർ. ഭർത്താവ് അമനുമായി രണ്ട് വർഷമായി വേർപിരിഞ്ഞ് കഴിയുകയാണ് എന്നാണ് വീണ പറഞ്ഞത്. മകന്റെ കാര്യങ്ങൾ ഒന്നിച്ചാണ് നോക്കുന്നതെന്നും വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നിന്ന് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കിയതിനു പിന്നാലെ വീണ വിവാഹമോചിതയായെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. 

ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്. രണ്ടു വർഷമായിട്ട് ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. അമൻ ഇപ്പോൾ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എൻജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെ തന്നെ പോകണം. ഇപ്പോൾ ഞാൻ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. - വീണ പറഞ്ഞു. 

വേർപിരിഞ്ഞാണ് കഴിയുന്നത് എങ്കിലും മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോ എന്നും അറിയില്ല എന്നാണ് വീണ പറയുന്നത്. പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല. ഞങ്ങൾ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങൾ പറയും. വഴക്കും ഇടാറുണ്ട്. പൂർണമായി വേണ്ടെന്ന് വെച്ചാൽ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്ളൈമാക്സ് ആയിട്ടില്ല. ക്‌ളൈമാക്‌സ് ആകുമ്പോൾ എന്റെ ഔദ്യോഗിക പേജിലൂടെ അറിയിക്കുമെന്നും വീണ പറഞ്ഞു. 

തന്റെ കൂടെ എട്ട് വർഷത്തോളം ഉണ്ടായിരുന്ന ആളാണെന്നും പെട്ടെന്ന് ഒരിക്കലും നമുക്ക് അതിൽ നിന്ന് വിട്ട് പോരാൻ പറ്റില്ലെന്നുമാണ് വീണ പറയുന്നത്. ഞാൻ നാളെ ഒരു പ്രണയത്തിൽ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്.- താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രളയരക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞു, ലിനുവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മോഹൻലാൽ; വീടിന്റെ താക്കോൽ കൈമാറി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ