

കാൻ ചലചിത്ര മേളയിൽ 'കെന്നഡി'യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാഗ് കശ്യപ് തനിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് നടൻ വിക്രം. 'കെന്നഡി'യിൽ നായകനായി വിക്രത്തെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ അദ്ദേഹത്തെ സമീപിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ലെന്നുമായിരുന്നു അനുരാഗ് മേളയ്‌ക്കിടെ നടത്തിയ അഭിമുഖത്തിൽ പറഞ്ഞത്. ഇത് സിനിമലോകത്ത് വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് വിക്രത്തിന്റെ പ്രതികരണം.
അനുരാഗ് കശ്യപ് പറഞ്ഞതല്ല സത്യമെന്നും അദ്ദേഹത്തെ താൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് വിക്രം ട്വീറ്റ് ചെയ്‌തു.
'പ്രിയ അനുരാഗ്,
ഒരു വർഷം മുൻപ് നമുക്കിടയിൽ നടന്ന ഒരു സംഭാഷണം സോഷ്യൽ മീഡിയയിലെ നമ്മുടെ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കുമായി ഞാൻ ഓർത്തെടുക്കുകയാണ്. ഈ ചിത്രത്തിനു വേണ്ടി താങ്കൾ എന്നെ സമീപിക്കാൻ ശ്രമിച്ചെന്നും എന്നാൽ ഞാൻ പ്രതികരിച്ചില്ലെന്നും താങ്കൾ പറഞ്ഞ് മറ്റൊരു നടനിൽ നിന്ന് അറിഞ്ഞതിന് പിന്നാലെ തന്നെ താങ്കളെ ഞാൻ ഫോണിൽ നേരിട്ട് വിളിച്ച് വിശദീകരിച്ചിരുന്നു.
താങ്കളുടെ ഒരു മെയിലോ മെസേജോ എനിക്ക് ലഭിച്ചിട്ടില്ലെന്നും എന്നെ ബന്ധപ്പെടാൻ താങ്കൾ ഉപയോഗിച്ച മെയിൽ ഐഡി ആക്ടീവ് അല്ലെന്നും താങ്കൾ എന്നെ ബന്ധപ്പെടാൻ ഉപയോഗിച്ച ഫോൺ നമ്പർ രണ്ടു വർഷം മുൻപ് മാറ്റിയതാണെന്നും ഞാനപ്പോൾ താങ്കളോട് പറഞ്ഞിരുന്നു. 'കെന്നഡി' എന്ന ചിത്രത്തോടുള്ള എൻറെ താൽപര്യത്തെ കുറിച്ചും ഞാനന്ന് പറഞ്ഞിരുന്നു, എൻറെ പേര് ടൈറ്റിൽ ആക്കുന്ന ചിത്രം എന്ന നിലയിൽ പ്രത്യേകിച്ചും. നന്മ നേരുന്നു. സ്നേഹത്തോടെ ചിയാൻ വിക്രം എന്ന കെന്നഡി.'' - വിക്രം കുറിപ്പിലൂടെ പറഞ്ഞു.
വിക്രത്തിന്റെ പ്രതികരണം വന്നതിന് പിന്നാലെ അനുരാഗ് കശ്യപും വിശദീകരണവുമായി രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് സത്യമാണെന്നും എന്നാൽ സിനിമ ചിത്രീകരിക്കുന്നതിന് ഒരു മാസം മുൻപാണ് അദ്ദേഹം ബന്ധപ്പെട്ടത്. അപ്പോഴേക്കും എല്ലാം തീരുമാനിച്ചിരുന്നു. ആ സിനിമയ്‌ക്ക് എങ്ങനെയാണ് ആ പേരു വന്നതെന്നാണ് താൻ അഭിമുഖത്തിൽ പറയാൻ ശ്രമിച്ചതെന്നും അനുരാഗ് വിക്രത്തിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്‌ത് പറഞ്ഞു.
‘‘അദ്ദേഹം പറയുന്നതെല്ലാം ശരിയാണ്. ഞാൻ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് മറ്റൊരു നടനിലൂടെ മനസിലാക്കിയ അദ്ദേഹം നേരിട്ട് എന്നെ വിളിച്ചിരുന്നു. അദ്ദേഹം മറ്റൊരു വാട്‌സ്‌ആപ്പ് നമ്പറാണ് ഉപയോഗിക്കുന്നതെന്ന് പിന്നീടാണു മനസിലായത്. തിരക്കഥ വായിക്കാൻ താൽപര്യമുണ്ടെന്നു പോലും പറഞ്ഞു.
എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുൻപായിരുന്നതിനാൽ എല്ലാം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ 'കെന്നഡി' എന്ന പേര് ഉപയോഗിച്ചതിൽ ആദരവോടെ ആശംസകൾ നേർന്നു. അമിതപ്രതികരണത്തിന്റെ ആവശ്യമില്ല. സിനിമയ്ക്ക് 'കെന്നഡി' എന്ന പേരു വന്നതിന്റെ കഥയെക്കുറിച്ചാണ് ഞാൻ ആ അഭിമുഖത്തിൽ സംസാരിച്ചത്. ഞാനും ചിയാൻ സാറും ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് തന്നെയാണ് കരതുന്നത്''-അനുരാഗ് ട്വീറ്റ് ചെയ്തു.
സണ്ണി ലിയോണി, രാഹുൽ ഭട്ട്, അഭിലാഷ് തപ്ളിയാൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'കെന്നഡി' മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിലാണ് കാൻ ചലചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്. മേയ് 24നാണ് പ്രദർശനം. ഇതിന് മുൻപും അനുരാഗ് കശ്യപ് ചിത്രങ്ങൾ കാൻ ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
'ഗ്യാങ്സ് ഓഫ് വാസിപ്പുർ' 2012 ൽ ഡയറക്ടേഴ്സ് ഫോർട്നൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു. 2013 ൽ 'ബോംബെ ടാക്കീസ്' എന്ന ആന്തോളജി ചിത്രം സ്‌പെഷൽ സ്ക്രീനിങ് ആയും 'അഗ്ലി' എന്ന ചിത്രം ഡയറക്ടേഴ്സ് ഫോർട്നൈറ്റ് വിഭാഗത്തിലും പ്രദർശിപ്പിച്ചു. 2016-ൽ 'രമൺ രാഘവ് 2.0' യും ഡയറക്ടേഴ്സ് ഫോർട്നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates