ടിക്കറ്റ് കീറി എറിഞ്ഞു, രോഷം കൊണ്ട് ആരാധകർ: എആർ റഹ്മാന്റെ സം​ഗീത നിശയ്ക്കെതിരെ രൂക്ഷ വിമർശനം, പ്രതികരണവുമായി താരം 

By സമകാലിക മലയാളം ഡെസ്ക്       |   Published: 11th September 2023 12:43 PM  |  

Last Updated: 11th September 2023 12:43 PM  |   A+A-   |  

ar_rahman_concert

ഫോട്ടോ: ട്വിറ്റർ

 

'30 വർഷമായി എ ആർ റഹ്മാനോട് ഉണ്ടായിരുന്ന ആരാധന ഇവിടെ അവസാനിച്ചു'- ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസിൽ നടന്ന മറക്കുമാ നെഞ്ചം എന്ന പരിപാടി കണ്ടിറങ്ങിയ ഒരു ആരാധകന്റെ പ്രതികരണമാണ് ഇത്. പണം മുടക്കി എആർ റഹ്മാന്റെ പരിപാടിയിക്ക് ടിക്കറ്റെടുത്ത ആളുകളുടെ പരാതികൊണ്ട്  നിറയുകയാണ്  സോഷ്യൽ മീഡിയ. സം​ഗീത പരിപാടിയുടെ മോശം സംഘാടനമാണ് ആരാധകരുടെ അമർഷത്തിന് ഇടയാക്കിയത്.  ടിക്കറ്റെടുത്ത നിരവധി പേർക്ക് സം​ഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാൻപോലുമായില്ല എന്നാണ് പരാതി. 

അമ്പതിനായിരത്തോളം പേരാണ് മറക്കുമാ നെഞ്ചം സം​ഗീത പരിപാടി ആസ്വദിക്കാൻ പാലസിലെത്തിയത്. എന്നാൽ ഇത്രയും പേരെ നിയന്ത്രിക്കാൻ സംഘാടകർക്കായില്ല. രൂക്ഷമായ തിക്കിലുംതിരക്കിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ കുടുങ്ങി. തിരക്കിനിടയിൽ സ്ത്രീകളെ അപമാനിക്കാൻ വരെ ശ്രമം നടന്നെന്നും ആരോപണമുയർന്നിട്ടുണ്ട്. തങ്ങൾക്കുണ്ടായ അനുഭവത്തിന്റെ വിഡിയോ സഹിതമാണ് പലരും ആരോപണം ഉന്നയിച്ചത്. 

ആ​ഗസ്റ്റ് 12-നായിരുന്നു നേരത്തേ മറക്കുമാ നെഞ്ചം നടത്താനിരുന്നത്. ശക്തമായ മഴയേത്തുടർന്നാണ് പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എസിടിസി ഇവന്റ്സിനായിരുന്നു സംഘാടനച്ചുമതല. അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരാധകർ ആരോപിക്കുന്നത്. 

ആൾക്കൂട്ടത്തിൽ കുടുങ്ങി കുട്ടികൾ കരയുന്നതിന്റേയും മറ്റും വിഡിയോ പുറത്തുവരുന്നുണ്ട്. ചടങ്ങിനിടെ സീറ്റ് കിട്ടാത്തതിൽ പരാതി ഉന്നയിച്ചപ്പോൾ സംഘാടകർ മോശമായി പെരുമാറുന്നതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. അതിനിടെ എ ആർ റഹ്മാനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. സം​ഗീതപ്രേമികളിൽ നിന്ന് പതിനായിരവും അയ്യായിരവും ഈടാക്കി സം​ഗീതനിശയെന്ന പേരിൽ വലിയ കൊള്ളയാണ് റഹ്മാൻ നടത്തിയത് എന്നായിരുന്നു ആരോപണം. 

സംഭവത്തിൽ പ്രതികരണവുമായി റഹ്മാൻ രം​ഗത്തെത്തി. ടിക്കറ്റെടുത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ടിക്കറ്റിന്റെ കോപ്പി അയച്ചു തരാനാണ് റഹ്മനാന്‍ ആവശ്യപ്പെട്ടത്. തന്റെ ടീം ഉടന്‍ ബന്ധപ്പെടുമെന്നും വ്യക്തമാക്കി.

അതിനിടെ പരിപാടിയിലുണ്ടായ എല്ലാ പ്രശ്‌നങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘാടകര്‍ രംഗത്തെത്തി. പരിപാടിയിൽ പങ്കെടുക്കാനാവാതിരുന്നവരോട് ക്ഷമ ചോദിത്തുന്നതായും അവർ എക്സിൽ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, ജീവിതം തകർത്തത് സിന്തറ്റിക് ഡ്ര​ഗ്': ധ്യാൻ ശ്രീനിവാസൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ