

പുഷ്പയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. ഇപ്പോഴിതാ ഹൈദരാബാദിൽ വച്ച് നടന്ന പുഷ്പ 2 വിന്റെ പ്രീ റിലീസ് ചടങ്ങിനെത്തിയപ്പോൾ വികാരഭരിതനായ അല്ലു അർജുന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ സുകുമാർ അല്ലു അർജുന്റെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും കുറിച്ച് വേദിയിൽ വച്ച് സംസാരിച്ചിരുന്നു. ഇത് കേട്ടതിന് പിന്നാലെയാണ് അല്ലു അർജുൻ കണ്ണീരണിഞ്ഞത്.
"അല്ലു അർജുനെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം പറയണം, ഞാൻ എൻ്റെ യാത്ര തുടങ്ങുന്നത് ആര്യയിൽ നിന്നാണ്. വർഷങ്ങളായി ബണ്ണിയുടെ കഠിനാധ്വാനവും വളർച്ചയുമെല്ലാം ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. പുഷ്പ ഇന്ന് ഈ അവസ്ഥയിലെത്തി നിൽക്കുന്നതിന് കാരണം എനിക്ക് അല്ലു അർജുനോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്.
ചെറിയ ഒരു ഭാവത്തിന് പോലും അദ്ദേഹം നന്നായി പരിശ്രമിക്കുന്നു, അദ്ദേഹമാണ് എന്റെ ഊർജം. നിനക്ക് വേണ്ടിയാണ് അല്ലു അർജുൻ ഞാൻ ഈ സിനിമ ചെയ്തത്."- സുകുമാർ പറഞ്ഞു. "ഞാൻ ആദ്യമായി ഈ സിനിമയ്ക്കായി നിന്നെ സമീപിച്ചപ്പോൾ എന്റെ കൈയിൽ മുഴുവൻ കഥയും ഉണ്ടായിരുന്നില്ല, വെറും രണ്ട് വരികൾ മാത്രമാണുണ്ടായിരുന്നത്. നിന്റെ ഡെഡിക്കേഷൻ കാരണം എന്തും നേടാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു.
ഇത് നിനക്കുള്ളതാണ് അല്ലു അർജുൻ." - സുകുമാർ കൂട്ടിച്ചേർത്തു. മാത്രമല്ല പുഷ്പ 3 യെക്കുറിച്ചുള്ള സൂചനയും സംവിധായകൻ പങ്കുവച്ചു. "പുഷ്പ 3 യെ കുറിച്ച് എനിക്ക് പറയാൻ ആഗ്രഹമുണ്ട്. പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഞാനൊരുപാട് ബുദ്ധിമുട്ടിച്ചു. അദ്ദേഹമെനിക്ക് ഒരു മൂന്ന് വർഷം കൂടി തരുമെങ്കിൽ, ഞാൻ അത് ചെയ്യും."- സുകുമാർ പറഞ്ഞു. സുകുമാറിന്റെ വാക്കുകൾക്ക് നന്ദി പറയവേയാണ് അല്ലു അർജുന്റെ കണ്ണുകൾ ഈറനണിഞ്ഞത്.
"എന്നെന്നേക്കുമായി എന്റെ ജീവിതം മാറ്റി മറിക്കുകയും എന്നെ സ്വാധീനിക്കുകയും ചെയ്തത് സുകുമാറാണ്. ആര്യ മുതൽ പുഷ്പ വരെ നോക്കുകയാണെങ്കിൽ അദ്ദേഹം തന്നെയാണത്. എന്റെ ഹിറ്റുകളോ ഫ്ലോപ്പുകളോ നോക്കാതെ ഒരു നടനെന്ന നിലയിൽ എന്റെ മുന്നോട്ടുള്ള യാത്രയിൽ സഹായിച്ചത് അദ്ദേഹമാണ്". അല്ലു അർജുൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
