'കാള പെറ്റു എന്ന് കേട്ടാലുടന്‍ കയറെടുക്കരുത്, ഈ മറുപടിയെങ്കിലും പൂര്‍ണമായി വായിക്കൂ'; ആത്മയോട് പ്രേംകുമാർ

അന്ന് പറഞ്ഞ അതേ നിലപാടാണ് ഇപ്പോഴും ഞാന്‍ ആവര്‍ത്തിച്ചത്.
Prem Kumar
പ്രേംകുമാർസ്ക്രീൻഷോട്ട്
Updated on
4 min read

തിരുവനന്തപുരം: ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാർ. താനൊരു സീരിയൽ വിരുദ്ധനല്ലെന്നും സീരിയലുകൾ നിരോധിക്കണം എന്നല്ല പറഞ്ഞതെന്നും പ്രേംകുമാർ പറഞ്ഞു. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമർശനമാണ് ഉയർത്തിയത്. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ പല തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. കാളപെറ്റു എന്ന് കോൾക്കുമ്പോൾ കയറെടുക്കരുത്. ഇപ്പോൾ ഈ മറുപടിയെങ്കിലും പൂർണമായി വായിക്കാനും മനസിലാക്കാനും തയ്യാറാകണമെന്നും പ്രേംകുമാർ തുറന്നകത്തിൽ പറയുന്നു.

പ്രേംകുമാറിന്റെ കത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട ആത്മ കുടുംബാംഗങ്ങളേ,

നിങ്ങള്‍ എനിക്ക് ഒരു തുറന്ന കത്ത് അയച്ചത് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഈയിടെ കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സീരിയലുകളുടെ സെന്‍സറിങുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുസംബന്ധിച്ച് ഞാന്‍ പറഞ്ഞ എന്റെ നിലപാട് ആവര്‍ത്തിക്കേണ്ടിവന്നു. സദുദ്ദേശത്തോടെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഞാന്‍ കൂടി അംഗമായ ആത്മ എന്ന അഭിനേതാക്കളുടെ സംഘടനയിലെ ഏതെങ്കിലും ഒരംഗത്തിന്റെ അഭിനയം മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ഈ മേഖലയേയോ ഏതെങ്കിലും സംഘടനയേയോ ഒന്നും ഞാന്‍ അവഹേളിച്ചിട്ടില്ല. ഞാന്‍ ഉന്നയിച്ച വിഷയത്തില്‍ അഭിനേതാക്കള്‍ക്ക് ഒരു റോളും ഇല്ലാ എന്നിരിക്കെ അപചയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് സമ്മതിക്കുംവിധം പ്രാസ്തവനയുമായി അഭിനേതാക്കളുടെ സംഘടനയായ ആത്മ രംഗത്ത് വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ എന്താണ് പറഞ്ഞെതെന്നും വിമര്‍ശനം എന്തിനേക്കുറിച്ചായിരുന്നുവെന്നും ആദ്യം അറിയണമായിരുന്നു. കാളപെറ്റു എന്ന് കേട്ടാലുടന്‍ കയറെടുക്കരുത്. ഇപ്പോള്‍ ഈ മറുപടിയെങ്കിലും പൂര്‍ണ്ണമായി നിങ്ങള്‍ വായിക്കാനും ക്ഷമയോടെ മനസ്സിലാക്കാനും തയ്യാറാകണം.

'ചില'' സിനിമകള്‍, ''ചില'' സീരിയലുകള്‍, ''ചില'' സാഹിത്യകൃതികള്‍, ''ചില്'' നാടകങ്ങള്‍, ''ചില'' ടെലിവിഷന്‍ പരിപാടികള്‍, തുടങ്ങി പലതും സാംസ്‌കാരിക വിഷം വമിപ്പിക്കുന്നുവെന്ന് പൊതുവായി സൂചിപ്പിക്കുകയാണുണ്ടായത്. ടെലിവിഷന്‍ പോലെ പൊതുവിടങ്ങളില്‍ വിനിമയം ചെയ്യുന്ന ''ചില'' പരിപാടികള്‍ നമ്മുടെ ഭാഷയെ, സംസ്‌കാരത്തെ, ശ്രേഷ്ഠമായ പൈതൃകത്തെ മുറിപ്പെടുത്തുന്നതും ജീവിതപരിസരങ്ങളെ മലീമസമാക്കുന്നതും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നതുമാണ്.

ഇത്തരം ടെലിവിഷന്‍ കാഴ്ചകളുടെ മുന്നില്‍ ജനിച്ചു വളര്‍ന്ന് ജീവിക്കുന്ന വര്‍ത്തമാനകാലത്തെ അണുകുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ ജീവിത ചിത്രീകരണങ്ങളുടെ ഈ കാഴ്ചയുടെ ശീലങ്ങളില്‍ നിന്ന് ഇതാണ് ജീവിതം, ഇങ്ങനെയാണ് ജീവിതം ഇങ്ങനെയാണ് ബന്ധങ്ങള്‍, ഇതാണ് ശരി എന്ന് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, സമീപനം ഒക്കെ രൂപപ്പെടുത്തുന്നു. അങ്ങനെയുള്ള ഭാവി തലമുറയെക്കുറിച്ചുള്ള ആശങ്കകളാണ് ഞാന്‍ പങ്കുവെച്ചത്.

കലയുടെ പേരില്‍ വരുന്ന അത്തരം വ്യാജനിര്‍മിതികള്‍-പ്രത്യേകിച്ചും കുടുംബസദസ്സുകളിലേയ്ക്ക് കടന്നുവരുന്ന ചില പരിപാടികള്‍ എന്‍ഡോസള്‍ഫാനെപ്പോലെ അപകടകരമാണെന്നാണ് ഞാന്‍ പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ തലമുറകളില്‍ ''ജനിതകവൈകല്യ'മാണുണ്ടാക്കുന്നത്. പക്ഷേ ഇത് മനുഷ്യരുടെ ബുദ്ധിയെ, ചിന്തയെ, ഭാവനയെ ഒക്കെ വികലമാക്കുന്ന ''മാനസികവൈകല്യ''മാണുണ്ടാക്കുക.

കല കൈകാര്യം ചെയ്യുന്നത് ഒരു ജനസമുഹത്തെയാണ്. കലാസൃഷ്ടികള്‍, കലാപ്രവര്‍ത്തനം-ഒന്ന് പാളിപ്പോയാല്‍ വലിയൊരു ജനതയെ അത് അപചയത്തിലേക്ക് നയിക്കും. ആ തിരിച്ചറിവും ഉത്തരവാദിത്തവും കല കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടാകണം. കലയിലൂടെ തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കാന്‍ പാടില്ല. കല മനുഷ്യന്റെ പക്ഷത്ത് നില്‍ക്കുന്നതാകണം. മനുഷ്യനെ നന്മയിലേയ്ക്കും ശരിയിലേയ്ക്കും നയിക്കുന്നതാവണം.

കല കേവലം വിനോദ ഉപാധി മാത്രമല്ല. അത് സാമൂഹ്യ പരിവര്‍ത്തന ഉപാധിയായികൂടി മാറുമ്പോഴാണ് കലയുടെ ദൈത്യം പൂര്‍ണമാകുന്നത്. അത്തരം കലാപ്രവര്‍ത്തനങ്ങളിലൂടെയൊക്കെ നവോത്ഥാനം ഉണ്ടായി രൂപപ്പെട്ടുതാണ് ആധുനിക കേരളം.പുരോഗമന ആശയങ്ങളിലൂന്നി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങള്‍ പ്രചരിപ്പിച്ച് സാംസ്‌കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം. ഇത് ഞാന്‍ പൊതുവായാണ് പറഞ്ഞത്. പക്ഷേ, ടെലിവിഷന്‍ സീരിയലുകളിലേക്ക് മാത്രമാണ് ചര്‍ച്ച ക്രേന്ദ്രീകരിച്ചത്.

പത്തുവര്‍ഷം മുമ്പും ഇതേ കാര്യംതന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതും മാധ്യമങ്ങളില്‍വന്നിട്ടുള്ളതുമാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ''ദൈവത്തിന്റെ അവകാശികള്‍''എന്ന എന്റെ പുസ്തകത്തിലും ഈ വിഷയം ഒരു ലേഖനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022 ല്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായി ഞാന്‍ നിയമിതനായ സമയത്ത് മാധ്യമസുഹൃത്തുക്കള്‍ ഇക്കാര്യം ചോദിച്ചപ്പോഴും ഇതേ മറുപടിതന്നെയാണ് ഞാന്‍ പറഞ്ഞത്.

അന്ന് ആത്മ പ്രതിഷേധം അറിയിക്കുകയും പിന്നീട് നടന്ന ആത്മയുടെ ജനറല്‍ബോഡി മീറ്റിങ്ങില്‍ എന്റെ നിലപാട് ഞാന്‍ നേരിട്ട് വിശദീകരിക്കുകയും ചെയ്തിരുന്നു. അന്ന് വേദിയില്‍ ഉണ്ടായിരുന്ന പ്രിയപ്പെട്ട ശ്രീ.ഗണേഷ്‌കുമാര്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നും അത് പരിശോധിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞതും ആ മീറ്റിംഗില്‍ പങ്കെടുത്ത നിങ്ങള്‍ മറന്നുകാണാനിടയില്ല.

അന്ന് പറഞ്ഞ അതേ നിലപാടാണ് ഇപ്പോഴും ഞാന്‍ ആവര്‍ത്തിച്ചത്. പത്തുവര്‍ഷമായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഷയത്തില്‍ ആത്മയുടെ ഭാഗത്തുനിന്ന് ഒരു ചര്‍ച്ചയോ, ഏന്തെങ്കിലും ഇടപെടലോ ഇതുവരെ ഉണ്ടായിട്ടില്ല. പകരം ഞാന്‍ എന്തു ചെയ്തു എന്നാണ് ആത്മയുടെ ചോദ്യം. ഞാന്‍ ഈ അപചയത്തെക്കുറിച്ച് പറയുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ.

നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിട്ടും ഒന്നുപ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നത് പോട്ടെ എന്നെ അത് പറയാന്‍ പോലും അനുവദിക്കുന്നില്ലല്ലോ. എന്നിട്ടാണ് ഞാന്‍ എന്തു ചെയ്തു എന്ന് ചോദിക്കുന്നത്. മരുഭൂമിയില്‍ നിന്ന് ഉക്കാര്യം ഞാന്‍ ഉറക്കെ വിളിച്ച് പറയുന്നത് ഈ കുടുംബത്തെ സ്‌നേഹിക്കുന്ന കുടുംബത്തോട് ഉത്തരവാദിത്തമുള്ള ഒരംഗമെന്ന നിലയില്‍ ആരോഗ്യകരമായ മാറ്റം ഈ മേഖലയിലുണ്ടാകണമെന്ന നല്ല ഉദ്ദേശത്തോടെമാത്രമാണ്. എനിക്ക് ശരിയെന്നും സത്യമെന്നും ഉത്തമബോധ്യമുള്ളത് ഇനിയും ഉറക്കെ പറഞ്ഞുകൊണ്ടേ ഇരിക്കും. ഉറച്ച ബോധ്യങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഞാന്‍ പറയുന്നത്. എന്റെ ആ നിലപാടുകളില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല. ഇനി മാറ്റം ഉണ്ടാവുകയുമില്ല.

വര്‍ഷങ്ങളായി ഞാനിത് പറഞ്ഞുകൊണ്ടേ ഇരുന്നിട്ടും അതുമൂലം ആരുടെയും അന്നം മുടങ്ങിയതായിട്ട് എനിക്കറിയില്ല. ആരുടെയെങ്കിലും അന്നം മുടക്കുകയെന്നത് എന്റെ ലക്ഷ്യവുമല്ല. ഇക്കാര്യം നിരന്തരം പറഞ്ഞതിനാല്‍ എന്റെ അന്നം മുടങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം. ആ നഷ്ടം സ്വയം സഹിച്ചുകൊണ്ടും ഞാനിത് പറയുന്നത് ഞാന്‍ ജീവിക്കുന്ന ഈ സമൂഹത്തോടും ഞാന്‍ കൂടി ഉള്‍പ്പെട്ട ഈ മേഖലയോടുമുള്ള തികഞ്ഞ പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും കൊണ്ട് തന്നെയാണ്.

ഞാന്‍ അന്നം മുടക്കുന്നുവെന്ന് എന്നെ വ്യക്തിപരമായി ആക്ഷേപിക്കാനും തേജോവധം ചെയ്യാനും ശ്രമിക്കുന്നവര്‍ ഒപ്പമുള്ള അംഗങ്ങള്‍ക്കെല്ലാം അന്നം കിട്ടാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.ഉ ചിതമായ തിരുത്തലുകള്‍ക്കും മാറ്റങ്ങള്‍ക്കും തയ്യാറാകാതെ പഴയകാല ബ്‌ളാക്ക് ആന്റ് വൈറ്റ് സിനിമകള്‍ പോലും എന്നോ ഉപേക്ഷിച്ച, പരിഷ്‌കൃതസമൂഹത്തിന് നേരെ കൊഞ്ഞനംകുത്തുന്ന പ്രമേയങ്ങളും ഉള്ളടക്കങ്ങളുമായി ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ എപ്പോഴും പ്രേക്ഷക സമൂഹം ഒപ്പമുണ്ടായെന്ന് വരില്ല. ആ പൊതുസമൂഹം ഇത്തരം പരിപാടികള്‍ നിരാകരിച്ചാല്‍ അപ്പോഴാകും ശരിക്കും അന്നം മുട്ടുക. അത് നമ്മള്‍ തിരിച്ചറിയണം.

ആയിരക്കണക്കിന് മനുഷ്യരുടെ ഉപജീവനമാര്‍ഗമാണിത്. അവരുടെ ജീവിതവും ജീവിതസുരക്ഷിതത്വവും നാം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് കാതലായ മാറ്റം ഈ മേഖലയില്‍ ഉണ്ടാകണം. ക്രിയാത്മകമായ വിമര്‍ശനങ്ങളേയും നിര്‍ദ്ദേശങ്ങളേയും അഭിപ്രായങ്ങളെയുമൊക്കെ അതിന്റെ ശരിയായ അര്‍ത്ഥവും ഉദ്ദേശശുദ്ധിയുമൊന്നും മനസ്സിലാക്കാതെ പുച്ഛിച്ച് തള്ളുകയും അത് ഉയര്‍ത്തുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ശ്രതുവായി കാണുകയും ചെയ്യുന്നത് ഉത്തരവാദിത്വമുള്ള ഒരു സംഘടനക്ക് ഭൂഷണമല്ല.

ഗംഭീരമായ സൃഷ്ടികളൊരുക്കാന്‍ കഴിവുള്ള മികച്ച സംവിധായകരും നിര്‍മാതക്കളും സാങ്കതിക വിദഗ്ധരും ഏറ്റവും മികച്ച അഭിനേതാക്കളുമെല്ലാം ഒട്ടനവധിയുണ്ട് ഈ മേഖലയില്‍. അപ്പോള്‍ പ്രതിഭാ ദാരിദ്ര്യമല്ല ഇവിടെ പ്രശ്‌നം. ആ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും അവര്‍ക്ക് പലവിട്ടുവീഴ്ചകള്‍ക്കും വിധേയരാകേണ്ടിവരുന്നു എന്നുള്ളതുമാണ് ശരിയായ പ്രശ്നം.ജനങ്ങളുടെ കൈയടി കിട്ടാനുദ്ദേശിച്ചാണ് ഞാനിത് പറഞ്ഞെതെന്നാണ് നിങ്ങള്‍ ആരോപിക്കുന്നത്.

അപ്പോള്‍ കൈയടി കിട്ടുമെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു. ഞാന്‍ പറഞ്ഞതിലെന്തോ വസ്തുതകള്‍ ഉണ്ടെന്നാണ് അത് അര്‍ത്ഥമാക്കുന്നത്. ബൗദ്ധികവും സാംസ്‌കാരികവുമായ ഓന്നത്യമുള്ള മലയാളി സമൂഹം എന്തിനും ഏതിനും വെറുതെ കൈയടിക്കുമെന്ന് ആരും കരുതരുത്. എന്റെ അഭിപ്രായങ്ങളെയും നിലപാടുകളെയും കുറിച്ച് പ്രേക്ഷകരുടെ ഒരു ഹിതപരിശോധന നടത്താന്‍ ആത്മ തയ്യാറുണ്ടോ? തീര്‍ച്ചയായും തയ്യാറാകണം. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ബോധ്യമാകും.

ഈ മേഖലയുടെ നവീകരണവും ഉന്നമനവും ഉറപ്പുവരുത്തികൊണ്ട് ആരുടെയും അന്നംമുട്ടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നിങ്ങളോടൊപ്പം ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ്.ചലച്ചിത്ര അക്കാദമിയുടെ വൈസ്‌ചെയര്‍മാനായി ഞാന്‍ നിയമിതനായിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം ആകുന്നു (ആത്മയുടെ കത്തില്‍ പറഞ്ഞതുപോലെ നാല്‍ വര്‍ഷമല്ല, രണ്ടു വര്‍ഷം). ചെയര്‍മാന്റെ ചുമതല ലഭിച്ചിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ.ഈ കാലയളവില്‍ സിനിമാനയരുപീകരണവുമായി ബന്ധപ്പെട്ട് ശ്രീ.ഷാജി എന്‍.കരുണ്‍ ചെയര്‍മാനായ ഞാന്‍ കൂടി അംഗമായ സമിതി ടെലിവിഷന്‍ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മിക്കവാറും എല്ലാ സംഘടനകളുമായും വ്യക്തികളുമായും ഇതിനോടകം തന്നെ ചര്‍ച്ച നടത്തുകയുണ്ടായി.

ഇനിയും അത് തുടരും.ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമനിധി അംഗത്വത്തിനുള്ള ശുപാര്‍ശയും ചികിത്സാസഹായവും ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്ന് നിലവില്‍ നല്‍കുന്നുണ്ട്.ഇപ്പോള്‍ നല്‍കുന്ന ചികിത്സാസഹായത്തിന്റെ പരിധി ഉയര്‍ത്താന്‍ ഞാന്‍ തന്നെ മുന്നില്‍ നിന്ന് അക്കാദമിയില്‍ അടുത്തിടെ തീരുമാനമെടുക്കുകയുമുണ്ടായി.പരിമിതികള്‍ക്കുള്ളിലും എനിക്ക് ഇടപെടാന്‍ പറ്റുന്ന കാര്യങ്ങളില്‍ സജീവമായി തന്നെ കൃത്യമായി ഇടപെടുന്നുമുണ്ട്.

എല്ലാ കാര്യങ്ങളും നടപടിയെടുത്ത് പരിഹരിക്കാനുമുള്ള അധികാരമൊന്നും എനിക്കില്ലായെന്ന് നിങ്ങള്‍ക്കും അറിവുള്ളതാണല്ലോ.ഞാനൊരു സീരിയല്‍ വിരുദ്ധനല്ല. സീരിയലുകള്‍ നിരോധിക്കണം എന്നല്ല ഞാന്‍ പറഞ്ഞത്. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള (Content) വിമര്‍ശനമാണ് ഞാന്‍ ഉയര്‍ത്തിയത്.പ്രമേയത്തിലും ഉള്ളടക്കത്തിലും ഉചിതമായ മാറ്റങ്ങള്‍ വേണമെന്ന എന്റെ അഭിപ്രായത്തെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും-അഭിനേതാക്കളായ നിങ്ങള്‍ പ്രത്യേകിച്ചും സ്വാഗതം ചെയ്യുകയും പൂര്‍ണമായും പിന്‍തുണക്കുകയും അല്ലേ യഥാര്‍ത്ഥത്തില്‍ വേണ്ടത്.

ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ശരിക്കും നിങ്ങള്‍ തൃപ്തരാണോ? ഇത് ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ മതിയോ? ഒരു മാറ്റവും ഉണ്ടാകണ്ടേ? നിങ്ങളില്‍ നിരവധിപേര്‍ നേരിട്ടും അല്ലാതെയും ഇക്കാര്യത്തില്‍ എനിക്ക് പിന്തുണ അറിയിച്ചതിന് അഭിമാനപൂര്‍വ്വം നന്ദി പറയുന്നു. ചര്‍ച്ചകളിലൂടെയും, സംവാദങ്ങളിലൂടെയും ആശയ രൂപീകരണം സാധ്യമാകുന്നിടത്താണ് ജനാധിപത്യം സൗന്ദര്യപൂര്‍ണമാകുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും, ആത്മ ചൂണ്ടിക്കാട്ടിയതുപോലെ ചാനലുകള്‍ ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ചിരുന്ന് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണം. അത്തരം ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും സംവാദത്തിനും എപ്പോഴും ഞാന്‍ തയ്യാറാണ്. അത് ഉടന്‍ തന്നെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരും എന്റെ ശ്രതുക്കളല്ല. നിങ്ങള്‍ ശ്രതുപക്ഷത്ത് നിര്‍ത്തേണ്ട ഒരാളുമല്ല ഞാന്‍.

നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന നിങ്ങളുടെ കുടുംബാംഗം തന്നെയാണ് ഞാന്‍. എന്റെ അഭിപ്രായങ്ങളും നിലപാടുകളും തികച്ചും സത്യസന്ധമാണ്. ഹൃദയത്തില്‍ത്തട്ടിയാണ് ഞാനത് പറഞ്ഞത്. ഇനിയും അത് പറയുക തന്നെ ചെയ്യും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതുകയും വേണ്ട.കലയുടെ ധര്‍മ്മത്തെക്കുറിച്ചും കലാസ്വാദനരീതികളെക്കുറിച്ചും രൂപപ്പെട്ടുവന്ന ആശയാടിത്തറയില്‍ നിന്നുകൊണ്ടാണ് നമുക്ക് ഉചിതമായ തീരുമാനങ്ങളിലേയ്ക്കും നടപടികളിലേയ്ക്കും എത്തിച്ചേരാനാകൂ.

അക്കാര്യം മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. കലയിലൂടെ സംസ്‌കാരരൂപീകരണം സാധ്യമാക്കുന്നതിന് നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം. എല്ലാവരെയും ഉള്‍ക്കൊള്ളാനും ചേര്‍ത്ത് പിടിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കലാമൂല്യവും വിനോദവും വിജ്ഞാനവും ജനപ്രിയതയും എല്ലാം ചേര്‍ന്ന നന്മയുടെയും സ്നേഹത്തിന്റെയും സുഗന്ധം പ്രസരിക്കുന്ന മൂല്യവത്തായ സൃഷ്ടികള്‍ ധാരാളം ഉണ്ടാവട്ടെ അതിന്റെ ഭാഗമാകാന്‍ എല്ലാവര്‍ക്കും കഴിയുകയും ചെയ്യട്ടേ. നിറഞ്ഞ സ്‌നേഹത്തോടെ എല്ലാവര്‍ക്കും നന്മയും ക്ഷേമവും ആശംസിച്ചു കൊണ്ട് ഹൃദയപൂര്‍വ്വം നിങ്ങളുടെ സ്വന്തം- പ്രേംകുമാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com