ഹൈദരബാദ്: പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതായും പൊലീസ് പറയുന്നു. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.
നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു. പുറത്തുപോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശവും താരം പാലിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ദുരന്തത്തിനു ശേഷവും നടന്‍ കാണികളെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ യുവതി മരിച്ച വിവരം അറിഞ്ഞത് പിറ്റേദിവസമാണെന്നായിരുന്നു നടന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, ഇന്നലെ നടന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂബിലി ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളുകളാണ് വീടിനു കല്ലെറിഞ്ഞത്. പൂച്ചെട്ടികള്‍ തകര്‍ത്തു. ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എന്ന് അവകാശപ്പെട്ടവരാണ് ആക്രമണം നടത്തിയത്. പുഷ്പ2 സിനിമാ പ്രദര്‍ശനത്തിനിടെ തിയറ്ററിലുണ്ടായ തിരക്കില്‍ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം നടക്കുമ്പോള്‍ അല്ലു വീട്ടിലുണ്ടായിരുന്നില്ല.
ഡിസംബര്‍ നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്ത്രീയുടെ മരണത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. അല്ലുവിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും രാത്രി ജയിലില്‍ കഴിയേണ്ടിവന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക