'ദ് ഇഡിയറ്റ് ഓഫ് ഇസ്താംബുൾ'; ഫഹദിനൊപ്പമുള്ള ചിത്രം സ്ഥിരീകരിച്ച് ഇംതിയാസ് അലി
നടൻ ഫഹദ് ഫാസിലിന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകർ. ഏറെ നാളുകളായി ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് നായകനായെത്തുന്നുവെന്ന വാർത്തകൾ പരക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴിതാ ഫഹദിനൊപ്പം ചിത്രം ചെയ്യുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇംതിയാസ് അലി. ദ് ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിലാണ് ഫഹദിനൊപ്പമുള്ള ചിത്രത്തേക്കുറിച്ച് ഇംതിയാസ് അലി വെളിപ്പെടുത്തിയത്.
ദ് ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. "ഈ പ്രഖ്യാപനം നടന്നിരിക്കുകയാണ്, പക്ഷേ ഇത് കുറച്ച് നേരത്തെയായിപ്പോയി. ഒരു സിനിമയുണ്ട്, പക്ഷേ, അത് അടുത്തതായിരിക്കുമോയെന്ന കാര്യം എനിക്കറിയില്ല. പക്ഷേ, ഞാൻ കുറേ നാളുകളായി ഈ സിനിമ നിർമിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ പേര് ദ് ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്നാണ്. എനിക്ക് ഇത് ചെയ്യാൻ ഇഷ്ടമാണ്, ഫഹദിനെ വെച്ച് ഈ സിനിമ നിർമിക്കാനാണ് എന്റെ പ്ലാൻ". - ഇംതിയാസ് അലി പറഞ്ഞു.
തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായെത്തുക എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. പുഷ്പ 2 ആണ് ഫഹദിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക