പിള്ളേർക്ക് വേണ്ടി ലാലേട്ടന്റെ ക്രിസ്മസ് ട്രീറ്റ്; 3 ഡിയിൽ വിരുന്നൊരുക്കി ബറോസ്, റിവ്യൂ
നിധി കാക്കുന്ന ഭൂതം, മോഹൻലാലിന്റെ ക്രിസ്മസ് ട്രീറ്റ്(3.5 / 5)
മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭം, ഇതുവരെ കാണാത്ത ലുക്കിലും വേഷപ്പകർച്ചയിലും അദ്ദേഹം സ്ക്രീനിലെത്തുന്നു, അങ്ങനെ ബറോസ് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് കാരണങ്ങൾ പലതാണ്. ഇപ്പോഴിതാ ക്രിസ്മസിന്റെ മാറ്റ് കൂട്ടാൻ ബറോസ് തിയറ്ററിലെത്തിയിരിക്കുകയാണ്. പിള്ളേർക്ക് വേണ്ടി ലാലേട്ടന്റെ ഒരു ക്രിസ്മസ് സമ്മാനം- ഒറ്റ വാക്കിൽ പറഞ്ഞാൽ ബറോസ് അതാണ്.
പോർച്ചുഗീസ് നാടോടിക്കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുക്കിയിരിക്കുന്നത്. പോർച്ചുഗീസ് നാടോടി പാട്ടായ ഫാദോ സോങ്ങിൽ നിന്നാണ് സിനിമ തുടങ്ങുന്നതും. മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ് ബറോസിലേക്ക് സംവിധായകൻ മോഹൻലാൽ പ്രേക്ഷകനെ കൂട്ടികൊണ്ടു പോകുന്നത്. യജമാനനോട് അങ്ങേയറ്റം കൂറും വിശ്വസ്തതയുമുള്ള നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഗോവയിലെ പോര്‍ച്ചുഗീസ് ഭരണാധികാരിയായ ഡി ഗാമയുടെ വിശ്വസ്തനാണ് ബറോസ്. ബറോസും ഡി ഗാമയുടെ മകള്‍ ഇസബെല്ലയും തമ്മില്‍ വലിയ സൗഹൃദത്തിലാണ്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ബറോസിനെ ചതിച്ച് നിധിയുടെ കാവൽ ഭൂതമാക്കി നാടുവിടുകയാണ് ഡി ഗാമ. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ബറോസിന് നഷ്ടമാകുന്നത് തന്റെ 389 വർഷങ്ങളാണ്. പതിമൂന്ന് തലമുറയ്ക്ക് ഇപ്പുറം നിധിയുടെ അനന്തരാവകാശിയെ കാത്ത് ഒരു നിലവറയിൽ കഴിയുകയാണ് ബറോസ്.
ഒപ്പം ബറോസിന്റെ വഴികാട്ടിയായി വൂഡു എന്ന് പേരുള്ള ഒരു ആഫ്രിക്കൻ പാവയുമുണ്ട്. അനന്തരാവകാശി തിരിച്ചെത്തുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ബറോസ് പറയുന്നത്. വൂഡുവും ബറോസും തമ്മിലുള്ള കോമ്പോയിലൂടെയാണ് ചിത്രം പ്രേക്ഷകനെ മുന്നോട്ട് കൊണ്ടു പോകുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്തിരിക്കുന്നത്.
നടനായും സംവിധായകനായും മാത്രമല്ല ഗായകനായും മോഹൻലാൽ ബറോസിലെത്തുന്നുണ്ട്. നൂറ് ശതമാനവും കുട്ടികളെ മുൻനിർത്തി തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബറോസ്. അതുകൊണ്ട് തന്നെ തുടക്കം മുതൽ അവസാനം വരെ വളരെ സോഫ്റ്റ് മൂഡിലാണ് സിനിമ സഞ്ചരിക്കുന്നത്. 3ഡിയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നതിന്റെ ക്വാളിറ്റി സിനിമ കാണുമ്പോൾ അനുഭവപ്പെടാനാകും. ഓരോ സീനും അത്രത്തോളം എഫക്ട് നൽകുന്നുണ്ട്.
സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല ചിത്രം. അതിൽ യാതൊരുവിധ കോംപ്രമൈസും മോഹൻലാൽ എന്ന സംവിധായകൻ വരുത്തിയിട്ടില്ല. പെർഫോമൻസിലേക്ക് വന്നാൽ അമ്പരപ്പിക്കുന്ന പ്രകടനമൊന്നും ആരുടെയും ഭാഗത്തു നിന്നില്ല. കാസ്റ്റിങിലും കുറച്ചു ശ്രദ്ധ പുലർത്തിയാൽ നന്നായിരുന്നുവെന്ന് തോന്നി. ചിത്രത്തിലെ ഡയലോഗുകളും അത്ര സുഖമുള്ളതായി അനുഭവപ്പെട്ടില്ല. മായ റാവു വെസ്റ്റ്, തുഹിൻ മേനോൻ, പ്രണവ് മോഹൻലാൽ തുടങ്ങി ചിത്രത്തിലെത്തിയവരെല്ലാം അവരവരുടെ ഭാഗങ്ങൾ മനോഹരമാക്കി.
കാലഘട്ടം ചിത്രീകരിക്കുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവുമാണ് മറ്റൊന്ന്. ആദ്യം പറഞ്ഞതു പോലെ ഫാദോ സോങ്ങിന് ഒരു പ്രത്യേക സ്പെയ്സ് സിനിമയിലുണ്ട്. പോർച്ചുഗീസ് നാടോടി കൾച്ചർ പരിചയമില്ലാത്ത ആളുകളെ സംബന്ധിച്ച് അതൊരു പുതിയ അനുഭവമാണ്. ലിഡിയന്‍ നാദസ്വരം ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും മോഹൻലാലാണ്. സന്തോഷ് ശിവന്റെ ഛായാഗ്രഹണവും മികവുറ്റതായിരുന്നു. മോഹൻലാലിനെ ഏറ്റവും ഭംഗിയായി തന്നെ തന്റെ കാമറാ കണ്ണുകളിൽ സന്തോഷ് പകർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ വിഎഫ്എക്സും മോശമല്ലാതെ വർക്കായിട്ടുണ്ട്.
ഇനി ആക്ഷൻ രംഗങ്ങളിലേക്ക് വന്നാൽ, അവിടെയും കുട്ടികൾക്ക് വേണ്ടിയാണെന്നുള്ള ഉത്തമ ബോധം സംവിധായകനിൽ ഉണർന്ന് പ്രവർത്തിച്ചിട്ടുണ്ട്. മാസ് ആക്ഷൻ രംഗങ്ങളോ അടിപിടിയോ ഒന്നും ചിത്രത്തിലില്ല. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ബറോസ് നിർമിച്ചിരിക്കുന്നത്.
കുട്ടിത്തം ഒട്ടും വിട്ടുമാറാത്ത നടനാണ് മോഹൻലാലെന്ന് സിനിമാ ലോകത്തുള്ളവർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കുട്ടിത്തം ഒരിടത്തും ചോര്‍ന്ന് പോകാതെ മോഹന്‍ലാല്‍ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് ബറോസ്. ഒരു മുത്തശ്ശിക്കഥ അസ്വദിക്കുന്ന പോലെ ചിത്രം കണ്ടിരിക്കാം. ഈ ക്രിസ്മസ് കാലത്ത് തീർച്ചയായും കുട്ടികൾക്കൊപ്പം കണ്ടിരിക്കാവുന്ന ചിത്രമാണ് ബറോസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

