താനൊരു മദ്യപനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ആമിർ ഖാനിപ്പോൾ. നാനാ പടേക്കറുമായി നടത്തിയ അഭിമുഖത്തിലാണ് ആമിർ ഖാൻ ഇക്കാര്യം പറഞ്ഞത്. തുടര്‍ച്ചയായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നു. സിനിമയില്‍ വന്നതിന് ശേഷമാണ് താൻ അതെല്ലാം ഉപേക്ഷിച്ചത് എന്നാണ് ആമിര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിന് കൃത്യസമയത്ത് സെറ്റിൽ എത്താറുണ്ടോ എന്ന നാനാ പടേക്കറിന്റെ ചോദ്യത്തിനാണ് തന്റെ ദുശ്ശീലങ്ങളെ കുറിച്ച് ആമിര്‍ ഖാന്‍ തുറന്നുപറഞ്ഞത്. "ഞാൻ എപ്പോഴും കൃത്യസമയത്ത് ഷൂട്ടിന് എത്താറുണ്ട്. അതുകൊണ്ട് എന്റെ സിനിമകളുടെ കാര്യത്തിൽ ഞാൻ അച്ചടക്കമില്ലാത്തവനല്ല, പക്ഷേ ജീവിതത്തിൽ ഞാൻ ഒട്ടും അച്ചടക്കമില്ലാത്തയാളാണ്.
ഞാൻ മദ്യപിക്കുമായിരുന്നു. മദ്യപിക്കുമ്പോൾ നന്നായി മദ്യപിക്കും. രാത്രി മുഴുവൻ ഇരുന്ന് കുടിച്ചിട്ടുണ്ട്. അന്ന് അത് നിർത്താൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ മദ്യപാനം ഞാൻ നിർത്തി. പൈപ്പ് വലിക്കാറുണ്ടായിരുന്നു. ഞാൻ തീവ്രമായി കാര്യങ്ങളെ സമീപിക്കുന്നയാളാണ്. അതുകൊണ്ട് എന്തു കാര്യമാണോ ചെയ്യുന്നത്, അതില്‍ തന്നെ തുടരും. ഇതത്ര നല്ല കാര്യമല്ല, അത് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും അത് നിര്‍ത്താന്‍ എന്നെക്കൊണ്ട് പറ്റാറില്ല".- ആമിർ ഖാൻ പറഞ്ഞു.
അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ തിരിച്ചുവരണമെന്ന് നാനാ പടേക്കര്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നതായും എന്നാല്‍ മൂന്നു വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത് എന്നാണ് ആമിര്‍ മറുപടി നല്‍കിയത്.
2022ല്‍ പുറത്തിറങ്ങിയ ലാല്‍ സിങ് ഛദ്ദ ആണ് ആമിറിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. എന്നാല്‍ സിനിമ തിയറ്ററില്‍ പരാജയപ്പെട്ടു. നിലവില്‍ താരേ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സിതാരേ സമീന്‍ പര്‍ ഒരുക്കുകയാണ് ആമിര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക