18 മാസത്തില്‍ 55 കിലോ കുറച്ച് ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് നടന്‍ റാം കപൂര്‍. 50 വയസ് പിന്നിട്ടതിനു പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ തുടങ്ങിയതോടെയാണ് താരം ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. സര്‍ജറിയൊന്നും നടത്താതെ കഠിനമായ വര്‍ക്കൗട്ടിലൂടെയാണ് ഭാരം കുറച്ചതെന്ന് റാം കപൂര്‍ വ്യക്തമാക്കി.
ഞാന്‍ വീണ്ടും 25 വയസില്‍ എത്തിയതുപോലെയാണ് എനിക്ക് തോന്നുന്നത്. മാനസികമായും ശാരീരികമായും വൈകാരീകമായുമെല്ലാം.എനിക്ക് ഇപ്പോള്‍ നിര്‍ത്താതെ 12 മണിക്കൂര്‍ നടക്കാനാകും. ഞാന്‍ എങ്ങനെയായിരുന്നോ അതിന്റെ നേര്‍വിപരീതമാണ് ഇപ്പോള്‍. ഞാന്‍ എന്നില്‍ അസന്തുഷ്ടനായിരുന്നു. എന്നോടു തന്നെ ദേഷ്യവും നിരാശയും എനിക്കുണ്ടായിരുന്നു. 20 സ്‌റ്റെപ്പ് നടന്നാല്‍ ശ്വാസം കിട്ടാത്തതുപോലെ തോന്നുമായിരുന്നു. ഞാന്‍ പ്രമേഹരോഗിയായി, കാലിന് പരിക്കുപറ്റിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും കഷ്ടപ്പെട്ടു. ഇനി ഇങ്ങനെ പോകാന്‍ പറ്റില്ലെന്ന് തോന്നുന്നത് അപ്പോഴാണ്.- റാം പറഞ്ഞു.
കഴിഞ്ഞ ആറു മാസത്തില്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും 55 കിലോ കുറച്ച് ശരീരഭാരം 85 കിലോയിലേക്ക് എത്തിച്ചെന്നുമാണ് റാം പറഞ്ഞത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഭാരം കുറച്ചത് പഴയ രീതിയിലാണ്. എന്റെ ചിന്തയേയും ജീവിതരീതിയേയും മാറ്റി. ശസ്ത്രക്രിയ ചെയ്തല്ല ഭാരം കുറച്ചത്. വൈദ്യശാസ്ത്രത്തിന്റെ സഹായത്തില്‍ ഭാരം കുറയ്ക്കാന്‍ പറ്റുന്നവരുണ്ടെങ്കില്‍ അത് തെറ്റല്ല.- റാം കപൂര്‍ പറഞ്ഞു. ശരീരഭാരം കാരണം തനിക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടില്ല എന്നാണ് താരം പറയുന്നു. 145 കിലോ ഭാരമുണ്ടായിരുന്നപ്പോഴാണ് താന്‍ നീയത്തിലും ജൂബിലിയിലും അഭിനയിച്ചത്. ഇനി തന്നെ കൂടുതല്‍ ചെറുപ്പമുള്ള വേഷത്തില്‍ കാണാനാവുമെന്നും റാം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക