നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. പിന്നാലെ ഇരുവർക്കും നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. 60കാരൻ 40കാരിയെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞായിരുന്നു സൈബർ ആക്രമണം. എന്നാൽ താനും ക്രിസും തമ്മിൽ ഒന്‍പത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്ന് പറയുകയാണ് ദിവ്യ. ഇത്രയും വൃത്തികെട്ട രീതിയിൽ കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവർ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
60 വയസ്സുള്ള ആൾ നാൽപതുകാരിയെ വിവാഹം ചെയ്തെന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. ഞാൻ 84ൽ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും. ഇനി 60 വയസ്സെന്നു പറയുന്നവർ പറഞ്ഞോട്ടെ. ഇവർ പച്ചയ്ക്കു പറയുന്നതുപോലെ അറുപതുകാരന്റെ കൂടെ നാൽപതോ അൻപതോ വയസ്സുള്ള ഞാൻ താമസിച്ചാൽ എന്താണ് പ്രശ്നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകൾക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാൻ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല.- ദിവ്യ ശ്രീധർ വ്യക്തമാക്കി.
നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തിൽ വരുന്ന ഓരോരോ പ്രശ്നങ്ങൾ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ തെറ്റാണോ? സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവർക്കൊരു അച്ഛൻ വേണം. എന്റെ ഭർത്താവ് എന്നു പറയാൻ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.- ദിവ്യ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക