ചെറിയൊരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രമായിരുന്നു പത്താൻ. താരനിര തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഷാരൂഖാനൊപ്പം ചിത്രത്തിൽ അതിഥി വേഷത്തിൽ സൽമാൻ ഖാനുമെത്തിയിരുന്നു. ഷാരൂഖും സൽമാനുമൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങൾ പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു.
ചിത്രത്തിലെ ട്രെയിൻ ഫൈറ്റ് രംഗങ്ങളും കൈയ്യടി നേടിയിരുന്നു. ആക്ഷൻ രംഗത്തിന് ശേഷം ട്രെയിൻ പാളത്തിലിരുന്ന് തങ്ങളിൽ ആരാണ് ഇനി ഇന്ത്യൻ ചാരവൃത്തിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുക എന്നതിനെക്കുറിച്ച് ഷാരൂഖും സൽമാനും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ബോളിവുഡിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള പരാമർശമാണ് ഇതെന്ന തരത്തിൽ ചിത്രം പുറത്തിറങ്ങിയ സമയത്ത് നിരവധി ചർച്ചകളും നടന്നിരുന്നു.
ഇപ്പോഴിതാ പത്താനിലെ ഷാരൂഖിന്റെയും സൽമാന്റെയും ഈ രംഗത്തേക്കുറിച്ച് ഒരഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "എനിക്ക് ആ രംഗം ശരിക്കുമൊരു തമാശയായി തോന്നി. ഞാൻ ആ സിനിമ കണ്ടിട്ടില്ലെങ്കിലും ആ സീൻ കണ്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലിപ്പോൾ ആ ക്ലിപ്പ് കിട്ടും, വളരെ രസകരമാണ് അത്."- ആമിർ ഖാൻ പറഞ്ഞു. ഇത് കണ്ടിട്ട് എല്ലാ യുവതാരങ്ങളും ശരിക്കും അസ്വസ്ഥരായിട്ടുണ്ടെന്ന് കരുതുന്നുവെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.
ദീപിക പദുക്കോണും ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സീറോ എന്ന ചിത്രത്തിന് ശേഷം നാല് വർഷത്തോളം ഷാരൂഖ് ഇടവേളയെടുത്തിരുന്നു. സീറോയുടെ പരാജയത്തിന്റെ ക്ഷീണം മാറ്റാൻ പത്താന് ആയി. ആദ്യ വാരം തന്നെ മികച്ച കളക്ഷനാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക