
പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമ അടക്കി ഭരിക്കുന്നത് നായകൻമാരാണ്. നായകന്റെ പേരിൽ തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട സകല ബിസിനസുകളും നടക്കുന്നത്. ഒരു നടിയാണ് മെയിൻ കഥാപാത്രമാകുന്നത് എന്ന ലേബലിൽ തിയറ്ററുകളിലെത്തുന്ന ചിത്രങ്ങൾ കാണാൻ ആളു കേറുമോയെന്ന ചിന്തയും, സ്ത്രീകളെ വച്ചൊരു സിനിമ ചെയ്യാൻ നിർമ്മാതാക്കളെ പിന്തിരിപ്പിക്കാറുണ്ട്.
എന്നാൽ നടൻമാർ ബോക്സോഫീസിൽ തേരോട്ടം തുടരുമ്പോഴും, തിയറ്ററുകൾ ഹൗസ്ഫുള്ളാക്കി മാറ്റി ചരിത്രം കുറിച്ച നായികമാരുമുണ്ടിവിടെ. നായികമാർ ബോക്സോഫീസിൽ പണം വാരി കൂട്ടിയ ചില ബോളിവുഡ് ചിത്രങ്ങളിലൂടെ.
സൂപ്പർ താര ചിത്രങ്ങളെയെല്ലാം പിന്തള്ളിയായിരുന്നു അമർ കൗശിക്കിന്റെ 'സ്ത്രീ 2' ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചത്. ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ചിത്രം പുറത്തിറങ്ങി മൂന്നാമത്തെ ആഴ്ചയിൽ അനിമൽ, ജവാൻ, ബാഹുബലി 2 എന്നീ ചിത്രങ്ങൾ നേടിയ കളക്ഷനുകൾ സ്ത്രീ 2 മറികടന്നിരുന്നു. ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രമെന്ന നേട്ടവും ഈ സ്ത്രീ 2 വിന് തന്നെയാണ്. 2018 ൽ എത്തിയ ഹൊറര്‍ ചിത്രം സ്‌ത്രീയുടെ തുടര്‍ച്ചയായാണ് 'സ്‌ത്രീ 2' ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിൽ 874 കോടിയാണ് ചിത്രം നേടിയത്.
സൈറ വസീം എന്ന പതിനാറുകാരി ബോളിവുഡിന്റെ ബോക്സോഫീസിനെ ഒന്നാകെ അമ്പരപ്പിച്ച സിനിമയായിരുന്നു സീക്രട്ട് സൂപ്പർ സ്റ്റാർ. ദംഗൽ എന്ന സൂപ്പർ ഹിറ്റിന് ശേഷം സൈറ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. 2017 ൽ പുറത്തിറങ്ങിയ സീക്രട്ട് സൂപ്പർ സ്റ്റാർ ആഗോളതലത്തിൽ 900 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി. 500 മുതൽ 600 കോടി വരെ ബജറ്റിൽ സിനിമകളെടുത്ത് അമ്പരപ്പിക്കുന്ന ബോളിവുഡിൽ നിന്ന് ചെറിയ ബജറ്റിലെത്തുന്ന ചിത്രങ്ങൾക്കും വിജയിക്കാനാകും എന്ന് തെളിയിച്ച സിനിമ കൂടിയായിരുന്നു സീക്രട്ട് സൂപ്പർ സ്റ്റാർ. 15 കോടി ബജറ്റിലായിരുന്നു ചിത്രം നിർമ്മിച്ചത്. ഈ ചിത്രത്തിന് ശേഷം നായികയായെത്തിയ സൈറ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ വിശ്വാസങ്ങൾക്ക് തടസമാണെന്ന് പറഞ്ഞ് വെറും 18 വയസ് മാത്രം പ്രായമുള്ളപ്പോൾ സൈറ വെള്ളിത്തിരയോട് ഗുഡ് ബൈ പറയുകയും ചെയ്തു.
ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ മുതൽ ദ് കേരള സ്റ്റോറി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. അദ ശർമയെ നായികയാക്കി സുദീപ്തോ സെൻ ആയിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലും ബോക്സോഫീസിൽ മികച്ച വിജയം സിനിമ സ്വന്തമാക്കിയിരുന്നു. 20 കോടി ബജറ്റിൽ നിർമിച്ച സിനിമ ലോകമെമ്പാടുമായി 303 കോടി രൂപയോളം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
സഞ്ജയ് ലീല ബന്‍സാലി ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഗംഗുഭായ് കത്തിയവാഡി. ആദ്യ ദിനം തന്നെ ബോക്സോഫീസിൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടിയലധികം ചിത്രം കളക്ഷന് നേടി. ആഗോളതലത്തിൽ 200 കോടിയ്ക്ക് മുകളിലും ചിത്രം നേടി. ആലിയ ഭട്ടിന്റെ പെർഫോമൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണവും.
ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രമായിരുന്നു തനു വെഡ്സ് മനു. ഇന്ത്യയിൽ 150 കോടി കളക്ഷൻ നേടിയ ചിത്രത്തിൽ കങ്കണ റണാവത്ത് ആയിരുന്നു നായിക. ലോകമെമ്പാടും 250 കോടിയലധികം കളക്ഷനും ചിത്രം നേടി. ആദ്യം ഭാഗം ബോക്സോഫീസിൽ വൻ വിജയമായതോടെ ചിത്രത്തിന് തുടർഭാഗങ്ങളുമുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates