കങ്കുവയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ സൂര്യ. ഈ മാസം 14 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഇന്നലെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ ഒരഭിമുഖത്തിൽ ആമിർ ഖാനെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. സൂര്യയുടെ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രമേതെന്നായിരുന്നു നടി ദിഷ പടാനി സൂര്യയോട് ചോദിച്ചത്. ഇതിന് മറുപടി പറയുകയായിരുന്നു താരം.
"എന്റെ റീമേക്ക് ചെയ്ത സിനിമകളെക്കുറിച്ച് അറിയാത്ത ആളുകൾക്ക് വേണ്ടി ഞാൻ പറയുകയാണ്. കാക്ക കാക്ക ഫോഴ്സ് എന്ന പേരിലെത്തി. ഗജിനി അതേപേരിൽ തന്നെയാണ് റീമേക്ക് ചെയ്തത്. സിങ്കം റീമേക്ക് ചെയ്തപ്പോൾ കുറച്ച് വ്യത്യാസങ്ങൾ വരുത്തിയിരുന്നു. അതുപോലെ സൂരറൈ പോട്രിന്റെ ഹിന്ദിയാണ് സർഫിര. പിന്നോട്ട് നോക്കുമ്പോൾ ഇതിൽ തന്നെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ആമിർ ഖാൻ സാറിനോടാണ്.
സാധാരണയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ നടനോ സംവിധായകനോ മീഡിയക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറില്ല. ആദ്യമായി ആമിർ സാർ മുന്നോട്ട് വന്ന് സിനിമയെക്കുറിച്ചും അതിൽ പ്രവർത്തിച്ച എല്ലാവരെയും കുറിച്ച് പറഞ്ഞു. അദ്ദേഹം ഹിന്ദി വേർഷനിൽ ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടമായി. നോർത്തിലുള്ള തമിഴ് അറിയാത്തവർക്ക് എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. അതിന്റെ പൂർണമായ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു എന്നുള്ളതാണ്.
മറ്റുള്ള സിനിമകളും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. പക്ഷേ ഗജിനി വളരെ മനോഹരമായ അനുഭവമായിരുന്നു. ഭാഷയുടെ അതിർവരമ്പുകൾ മായിച്ചു കൊണ്ട് ആ ചിത്രത്തിലൂടെ ആളുകൾ എന്നെ അറിഞ്ഞു."- സൂര്യ പറഞ്ഞു. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഗജിനി. സൂര്യയുടെ കരിയറിലെ വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു ഇത്. 2008 ലാണ് ആമിർ ഖാൻ ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക