മലയാള സിനിമയിലെ അഭിമാനമായി മാറിയ ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് അഭിനയിച്ച ആടുജീവിതം. ചിത്രത്തിലെ എആർ റഹ്മാൻ സംവിധാനം ചെയ്ത ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ മറ്റൊരു അന്താരാഷ്ട്ര നേട്ടത്തിനരികെ എത്തി നിൽക്കുകയാണ് ആടുജീവിതം. പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ചിത്രത്തിലെ ഗാനങ്ങൾ.
മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. റഫീക്ക് അഹമ്മദും എ.ആർ റഹ്മാനും വരികളെഴുതി, റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. ജിതിൻ രാജാണ് ഗാനം ആലപിച്ചത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരത്തിനായി എ.ആർ റഹ്മാനും നാമനിർദേശം ചെയ്യപ്പെട്ടു. ഗേൾ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രൽസ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സൺ എന്നിവയാണ് ആടുജീവിതത്തോടു മത്സരിക്കുന്ന മറ്റു ചിത്രങ്ങൾ.
സോങ്–ഓൺസ്ക്രീൻ പെർഫോമൻസ് വിഭാഗത്തിൽ സഞ്ജയ് ലീലാ ബൻസാലിയും ഇന്ത്യയിൽ നിന്ന് മത്സരത്തിനുണ്ട്. ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ എന്ന സീരീസിലെ തിലസ്മി ബാഹേൻ എന്നു തുടങ്ങുന്ന ഗാനമാണ് നാമനിർദേശം ചെയ്യപ്പെട്ടത്. ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. സെലീന ഗോമസ്, ഡ്വൈയ്ൻ ജോൺസൺ തുടങ്ങിയവർ ചടങ്ങിനെത്തും.
ബെന്യാമിൻറെ ലോകപ്രശ്സതമായ നോവൽ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവർ ഏറെ ചർച്ചയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക