നടൻ സത്യരാജിന്റെ മകൾ ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛനെന്ന നിലയിലും ഭർത്താവ് എന്ന നിലയിലും സത്യരാജിന്റെ ജീവിതത്തേക്കുറിച്ച് ആർക്കുമറിയാത്ത കാര്യങ്ങളാണ് ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. നാല് വര്‍ഷമായി കോമയിലുള്ള അമ്മയെ പരിചരിക്കുന്നത് അച്ഛനാണ് എന്നു പറഞ്ഞു കൊണ്ടാണ് ഹൃദ്യമായ കുറിപ്പ് ആരംഭിക്കുന്നത്.
"സിംഗിൾ പേരന്റിങ് ചെയ്യുന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദിച്ചുള്ള ഒരു പോസ്റ്റാണിത്. എന്റെ അമ്മ 4 വർഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങൾ അമ്മയ്ക്ക് PEG ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ, ഞങ്ങൾ ആകെ തകർന്നുപോയി. പക്ഷേ ഞങ്ങൾ ഏറെ പ്രതീക്ഷയോടു കൂടി കാത്തിരിക്കുകയാണ്.
പോസിറ്റീവായി തന്നെ എന്തെങ്കിലും സംഭവിക്കും. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങൾക്കറിയാം. അപ്പ 4 വർഷമായി ഏറ്റവും ഉയർന്ന സിംഗിൾ പേരന്റാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് അപ്പയുടെ അമ്മ മരിച്ചു, ഞാനും എന്റെ അപ്പയ്ക്ക് സിംഗിൾ മോമാണ്. ഞാനും അപ്പയും ചേർന്ന് ഒരു പവർഫുൾ സിംഗിൾ മാംമ്സ് ക്ലബ് രൂപീകരിക്കുന്നു".- എന്നാണ് ദിവ്യ കുറിച്ചത്.
ദിവ്യയുടെ ഈ വെളിപ്പെടുത്തൽ എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണിപ്പോൾ. ഭാര്യയെ ഈ അവസ്ഥയിലും പൊന്നുപോലെ പരിചരിച്ച് കൊണ്ടുനടക്കുന്ന സത്യരാജിനെയും മക്കളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 1979 ലാണ് സത്യരാജ് മഹേശ്വരിയെ വിവാഹം കഴിച്ചത്. ദിവ്യയെ കൂടാതെ സിബിരാജ് എന്നൊരു മകനും താരത്തിനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക