

കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ മനോജ് മിത്ര അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സത്യജിത് റായ് സംവിധാനം ചെയ്ത ഘരേ ബൈരേ, ഗണശത്രു, തപൻ സിൻഹയുടെ ബൻഛരാമേർ ബഗാൻ തുടങ്ങിയ സിനിമകളിലെ മനോജ് മിത്രയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
നൂറോളം നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ച മനോജ് മിത്ര 80 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബുദ്ധദേവ് ദാസ് ഗുപ്ത, ബസു ചാറ്റർജി, തരുൺ മജുംദാർ, ശക്തി സാമന്ത, ഗൗതം ഘോഷ് തുടങ്ങി പ്രശസ്ത സംവിധായകരുടെ സിനിമകളിൽ മനോജ് മിത്ര വേഷമിട്ടിട്ടുണ്ട്. മനോജ് മിത്ര തന്നെ രചിച്ച നാടകം സൻജാനോ ബഗാന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ബൻഛരാമേർ ബഗാൻ.
രബീന്ദ്രഭാരതി സർവകലാശാലയിൽ നാടകവിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 1985ൽ മികച്ച നാടകത്തിനുള്ള സംഗീതനാടക അക്കാദമി അവാർഡ് മനോജ് മിത്രയ്ക്ക് ലഭിച്ചിരുന്നു. മനോജ് മിത്രയുടെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു. നാടക-ചലച്ചിത്ര ലോകങ്ങളിലെ മുൻനിര വ്യക്തിത്വമായിരുന്നു മനോജ് മിത്രയെന്നും, അദ്ദേഹത്തിൻ്റെ സംഭാവനകൾ വളരെ വലുതാണെന്നും മമത അനുസ്മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates