'എനിക്ക് തുല്യതയും സ്വാതന്ത്ര്യവും വേണ്ട, എന്നും ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കും, നിങ്ങളാരും എന്നെപ്പോലെ ആകരുത്': സ്വാസിക

സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായി ഇരിക്കണമെന്നും തുല്യതയില്‍ വിശ്വസിക്കണമെന്നും നടി
swasika
സ്വാസികയും ഭർത്താവ് പ്രേമും ഇൻസ്റ്റ​ഗ്രാം
Published on
Updated on

വിവാഹജീവിതത്തില്‍ താന്‍ തുല്യത ആഗ്രഹിക്കുന്നില്ലെന്ന് പലപ്പോഴായി നടി സ്വാസിക തുറന്നു പറഞ്ഞിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ടു വണങ്ങുമെന്നും ഭര്‍ത്താവ് കഴിച്ച പാത്രത്തില്‍ ഭക്ഷണം കഴിക്കുമെന്നുമുള്ള നടിയുടെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. തുല്യതയ്ക്കായുള്ള സ്ത്രീകളുടെ പോരാട്ടത്തെ പിന്നോട്ടടിക്കുന്നതാണ് നടിയുടെ നിലപാട് എന്നായിരുന്നു പ്രധാന വിമര്‍ശനം. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഭര്‍ത്താവിന് കീഴില്‍ ജീവിക്കുക എന്നത് തന്റെ തീരുമാനമാണെന്നും ഇത് മറ്റാരും പിന്തുടരേണ്ടതില്ല എന്നുമാണ് നടിപറയുന്നത്. കൗമാരകാലത്താണ് താന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. തന്റെ അച്ഛനും അമ്മയും ഒന്നും ഇങ്ങനെയല്ല. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായി ഇരിക്കണമെന്നും തുല്യതയില്‍ വിശ്വസിക്കണമെന്നും നടി വ്യക്തമാക്കി.

'ഭര്‍ത്താവിന് കീഴില്‍ ജീവിക്കുന്നവരാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്രരായിരിക്കണം. അവര്‍ തുല്യതയില്‍ വിശ്വസിക്കണം. പക്ഷേ ഈ പറഞ്ഞ തുല്യത, കുടുംബ ജീവിതത്തില്‍ എനിക്ക് വേണ്ട. എനിക്ക് ആ സ്വാതന്ത്ര്യം വേണ്ട. ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാന്‍ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്.'

'അച്ഛനും അമ്മയും ഭര്‍ത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവര്‍ വേണ്ടെന്ന് പറഞ്ഞാല്‍ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്‌നമായി എന്റെ ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. ഞാന്‍ ഇതില്‍ ഹാപ്പിയാണ്, സംതൃപ്തയാണ്. പക്ഷേ മൂന്നാമതൊരാള്‍ ഇതില്‍ സ്വാധീനിക്കപ്പെടേണ്ട കാര്യമില്ല.'- സ്വാസിക പറഞ്ഞു.

സമൂഹം എങ്ങനെ മാറിയാലും താന്‍ ഇങ്ങനെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അത് ബോധപൂര്‍വം എടുത്ത തീരുമാനമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്റെ നിലപാടിനെ പലരും തെറ്റായാണ് എടുക്കുന്നത് എന്നാണ് സ്വാസിക പറയുന്നത്. 'സ്ത്രീകള്‍ മുന്നോട്ട് വരാന്‍ നില്‍ക്കുമ്പോള്‍ അവരെ പിറകോട്ട് തള്ളുന്നു എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ വ്യക്തത വരുത്തുന്നത്. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് യഥാര്‍ഥത്തില്‍ സ്ത്രീകള്‍ ജീവിക്കേണ്ടത്. എന്നെ പോലെ ആരും ജീവിക്കരുത്.'- സ്വാസിക പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com