കണ്ണൂർ: ജനിച്ചതുമുതല്‍ നാടകത്തിന്റെ ഭാഗമാണ് ജെസി മോഹൻ. മൂന്നാം വയസില്‍ അച്ഛനാണ് കുഞ്ഞ് ജെസിയെ നാടകത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. ഭര്‍ത്താവ് തേവലക്കര മോഹനനെ കണ്ടുമുട്ടുന്നതും നാടകത്തിലൂടെ തന്നെയാണ്. ഭര്‍ത്താവിന്റെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് തന്റെ മകള്‍ക്കായി ഒറ്റയ്ക്ക് പൊരുതാന്‍ ഇറങ്ങിയതാണ് ജെസി. എന്നാല്‍ വീണുപോയി. ഇനി ജെസിയുടേതായി അവശേഷിക്കുന്നത് അരങ്ങില്‍ നിറഞ്ഞാടിയ കഥാപാത്രങ്ങളും മകളും മാത്രമാണ്. കണ്ണൂര്‍ കേളകത്ത് നടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് ജെസി വിടപറഞ്ഞത്.
ബാലതാരമായി നാടകത്തിലേക്ക് ചുവടുവെച്ച ജെസി അഭിനയത്തിൽ സജീവമാകുന്നത് അച്ഛൻ ബേബിച്ചന്റെ മരണശേഷമാണ്. അമച്വര്‍ നാടകങ്ങളില്‍ നടിയാകുമ്പോള്‍ 13 വയസായിരുന്നു പ്രായം. 15 വയസ്സു മുതല്‍ പ്രഫഷനല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തുടര്‍ന്നാണു ഭര്‍ത്താവ് തേവലക്കര മോഹനനൊപ്പം വേദികളിലെത്തിയത്. നാല് പതിറ്റാണ്ടോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 'കൊല്ലം സ്വാതി' എന്ന പേരില്‍ സ്വന്തം സമിതിയും രൂപീകരിച്ചു. 16 വര്‍ഷം ഈ സമിതി വേദികളില്‍ സജീവമായിരുന്നു.
സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് വീടും പറമ്പുമെല്ലാം നഷ്ടപ്പെട്ടു. അതിനിടെയാണ് മോഹനന്‍ രോഗബാധിതനായതോടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. ഭര്‍ത്താവിന്റെ ചികിത്സയ്ക്കും മറ്റുമായി പണം കണ്ടെത്താന്‍ ജെസ്സി മറ്റു സമിതികളില്‍ അഭിനയിച്ചു. ജൂണ്‍ 24 നാണു അവരുടെ ഭര്‍ത്താവും നടനുമായ തേവലക്കര മോഹനന്‍ രോഗബാധിതനായി മരിച്ചത്. മകള്‍ക്കായി ജീവനോപാധിയായ നാടകത്തെ മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് ജെസിയുടെ അപ്രതീക്ഷിത വിയോഗം. ജെസിയുടെ രണ്ട് സഹോദരങ്ങളും മരിച്ചത് വാഹനാപകടത്തിലായിരുന്നു.
അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാവിലെ 8 മണി മുതല്‍ കായംകുളം കെപിഎസിയില്‍ പൊതുദര്‍ശനം നടക്കും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കും. പൊതുദര്‍ശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും. ജെസ്സിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. മുളങ്കാട് പൊതുശ്മശാനത്തില്‍ ആണ് സംസ്‌കാരം നടക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക