ജയ്പൂര്‍: ഗോധ്ര ട്രെയിന്‍ കത്തിക്കലിന്റെ കഥ പറയുന്ന 'സബര്‍മതി റിപ്പോര്‍ട്ട്' എന്ന സിനിമയുടെ വിനോദ നികുതി ഒഴിവാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഹരിയാന. ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തെ ചിത്രത്തിന്റെ വിനോദനികുതി ഒഴിവാക്കിയിരുന്നു. വിനോദനികുതി ഒഴിവാക്കുന്നത് അര്‍ത്ഥവത്തായ തീരുമാനമാണെന്ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ പറഞ്ഞു.
ചിത്രത്തിന്റെ വിനോദ നികുതി ഒഴിവാക്കാനായി രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ പറഞ്ഞു. ചരിത്ര വസ്തുതകള്‍ യാഥാര്‍ഥ്യബോധത്തോടെയാണ് സിനിമയില്‍ ചിത്രീകരിച്ചത്. വസ്തുതള്‍ തുറന്നുകാട്ടുന്നതിനൊപ്പം അക്കാലത്ത് നടത്തിയ കുപ്രചാരണങ്ങളെ ചിത്രം തുറന്നുകാട്ടുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഈ സിനിമ കാണണം. ഭൂതകാലത്തെക്കുറിച്ച് ആഴത്തിലും വിമര്‍ശനാത്മകവുമായി പഠനം നടത്തിയാലേ വര്‍ത്തമാനകാലത്തെ മനസിലാക്കാനും ഭാവിയിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും സഹായിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നഡ്ഡ, ഉള്‍പ്പടെ നിരവധി എംപിമാരും കഴിഞ്ഞദിവസം ചിത്രം കണ്ടിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രിയും രംഗത്തുവന്നിരുന്നു. സത്യം പുറത്തുവരുന്നു എന്നായിരുന്നു മോദിയുടെ വാക്കുകള്‍. ''നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. അതും സാധാരണക്കാര്‍ക്ക് കാണാവുന്ന വിധത്തില്‍. ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനില്‍ക്കൂ. ഒടുവില്‍, വസ്തുതകള്‍ പുറത്തുവരും!'' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 27ന് ആണ് അഗ്‌നിക്കിരയായത്. ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്.
ധീരജ് സര്‍ണ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. വിക്രം മാസിയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തിയത്. റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജന്‍ ചന്ദേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏക്താ കപൂറും ശോഭ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക