മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എആർ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ആടുജീവിതം ഇടം നേടിയിരുന്നു.
മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. ഇപ്പോഴിതാ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം എആർ റഹ്മാനെ തേടിയെത്തിയിരിക്കുകയാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് റഹ്മാൻ നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. റഹ്മാനു വേണ്ടി പുരസ്കാരം സംവിധായകൻ ബ്ലെസി ഏറ്റുവാങ്ങി.
"ഈ വലിയ അംഗീകാരത്തിന് നന്ദി. എആർ റഹ്മാനു വേണ്ടിയാണ് ഞാനിവിടെ നിൽക്കുന്നത്. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി,"- പുരസ്കാരം സ്വീകരിച്ചു കൊണ്ട് സംവിധായകൻ ബ്ലെസി പറഞ്ഞു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ പുരസ്കാരം നേടുന്നത്.
റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനവും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനാണ് ‘പെരിയോനെ’ എന്ന ഗാനം പരിഗണിക്കപ്പെട്ടത്. റഫീഖ് അഹമ്മദാണ് 'പെരിയോനേ' എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ജിതിൻ രാജാണ് ഗാനം ആലപിച്ചത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനു പുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിൽ മത്സരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക