നടൻ മേഘനാഥനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി വിന്ദുജ മേനോൻ. ദേഹോപദ്രവം ചെയ്യുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തതിനു ശേഷം കയ്യിലെ നീലിച്ച പാട് കാണിച്ചുകൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം വാടി തളരുമായിരുന്നു എന്നാണ് വിന്ദുജ പറയുന്നത്. അഭ്രപാളിയിലെ കഥാപാത്രങ്ങളിലൂടെ വെറുപ്പ് സമ്പാദിച്ച മേഘനാഥൻ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു. മേഘനാഥനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
‘‘കയ്യിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോൾ ശരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജു ധർമൻ സംവിധാനം ചെയ്ത ‘കഥപറയുമ്പോൾ’ സീരിയലിൽ അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു. അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവം പിടിച്ച ഒരു സ്നേഹനിധി. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു ‘എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡ് ആന്നു’. അവസാനം 'അമ്മ" മീറ്റിങിനു കാണുമ്പോൾ പോലും ഹൃദ്യമായ കുശലാന്വേഷണം.’’–വിന്ദുജ മേനോൻ കുറിച്ചു.
മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളും മേഘനാഥന് ആദരാഞ്ജലി അർപ്പിച്ചു. പ്രിയപ്പെട്ട മേഘനാഥൻ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥൻ പഞ്ചാഗ്നി, ചെങ്കോൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.- എന്നാണ് മോഹൻലാൽ കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക