ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് അജയ് ദേവ്ഗണും കജോളും. നവംബർ 28 ഇരുവരുടെയും ജീവിതം മാറ്റി മറിച്ച ദിവസം കൂടിയാണ്. ഇരുവരും ഒന്നിച്ചെത്തിയ ഇഷ്ക് എന്ന ചിത്രം റിലീസ് ചെയ്തത് നവംബർ 28 നായിരുന്നു. 1997 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഇന്ദ്ര കുമാർ ആയിരുന്നു. ഇന്ന് ഇഷ്ക് പുറത്തിറങ്ങിയിട്ട് 27 വർഷം പൂർത്തിയായിരിക്കുകയാണ്.
ഇപ്പോഴിതാ ഇഷ്കിന്റെ 27 -ാം വാർഷികത്തിൽ കജോളിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അജയ് ദേവ്ഗൺ. ഇഷ്കിന്റെ ഒരു ഫോട്ടോയ്ക്കൊപ്പം കജോളിനൊപ്പമുള്ള മറ്റൊരു ചിത്രം കൂടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അജയ് ദേവ്ഗണിന്റെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചിരിക്കുന്നത്. ഗുണ്ടാരാജ്, ഹൽചൽ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ്‌യും കജോളും ഒന്നിച്ച ചിത്രമായിരുന്നു ഇഷ്ക്.
1995ൽ ഹൽചൽ എന്ന പടത്തിന്റെ സെറ്റിൽ വച്ചാണ് കജോള്‍ അജയ് ദേവ്ഗണെ പരിചയപ്പെടുന്നത്. ആരോടും സംസാരിക്കാതെ സെറ്റിന്റെ ഒരു മൂലയിൽ ചെന്നിരിക്കുന്ന അജയ്‌യെക്കുറിച്ചു തനിക്കു വലിയ മതിപ്പുണ്ടായിരുന്നില്ലെന്ന് കജോൾ പിന്നീടു പറഞ്ഞിട്ടുണ്ട്. പതിയെ സൗഹൃദത്തിലായ ഇരുവരും ഇഷ്‌കിൻ്റെ സെറ്റിൽ വെച്ച് പ്രണയത്തിലായി. 1999 ൽ ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തു. നൈസ, യുഗ് എന്നിങ്ങനെ രണ്ട് മക്കളമുണ്ട് ഇവർക്ക്.
ആമിർ ഖാൻ, ജൂഹി ചൗള എന്നിവരും ഇഷ്കിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ബോക്‌സോഫീസിൽ ചിത്രം വൻ വിജയമായി മാറുകയും ചെയ്തു. ലോകമെമ്പാടുമായി 500 കോടിയിലധികം ചിത്രം കളക്ഷൻ നേടുകയും ചെയ്തു. കജോളിന്റെയും അജയ് ദേവ്ഗണിന്റെയും ഓൺസ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകരേറ്റെടുത്തു.
വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് കജോൾ കുറച്ചുനാൾ ഇടവേളയെടുത്തിരുന്നു. 2003 ൽ മകളുടെ ജനനത്തിനു ശേഷം കജോൾ വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. സർസമീൻ, മഹാരാജ്ഞി: ക്വീൻ ഓഫ് ക്വീൻസ് എന്നീ ചിത്രങ്ങളാണ് കജോളിന്റേതായി ഇനി വരാനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക