Bougainvillea
ബോ​ഗയ്ൻവില്ലഫെയ്സ്ബുക്ക്

മിസ്റ്ററി ത്രില്ലറിൽ ഞെട്ടിച്ച് അമൽ നീരദ്; തിരിച്ചുവരവിൽ സ്കോർ ചെയ്ത് ജ്യോതിർമയി - ബോ​ഗയ്ൻവില്ല റിവ്യൂ

പതിഞ്ഞ താളത്തിൽ തുടങ്ങി സെക്കന്റ് ഹാഫ് എത്തുമ്പോഴേക്കും പീക്ക് ലെവലിലേക്ക് എത്തുകയാണ് ചിത്രം.
Published on
മിസ്റ്ററി ത്രില്ലറിൽ ഞെട്ടിച്ച് അമൽ നീരദ്(4 / 5)

മേക്കിങ്ങിലൂടെ ഓരോ സിനിമയിലും ഞെട്ടിക്കുന്ന സംവിധായകനാണ് അമൽ നീരദ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ബോ​ഗയ്ൻവില്ലയിലും ആ പതിവ് തെറ്റിയിട്ടില്ല. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബോ​ഗയ്ൻവില്ല ഒരുക്കിയിരിക്കുന്നത്. നോവലിലെ കഥാപാത്രങ്ങളുടെ പേരിനോട് സമാനമായ പേരുകൾ തന്നെയാണ് സിനിമയിലും കഥാപാത്രങ്ങൾക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. അമൽ നീരദും ലാജോ ജോസും ചേർ‌‌ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും.

പതിഞ്ഞ താളത്തിൽ തുടങ്ങി സെക്കന്റ് ഹാഫ് എത്തുമ്പോഴേക്കും പീക്ക് ലെവലിലേക്ക് എത്തുകയാണ് ചിത്രം. റീത്തു, റോയ്സ് എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഓർമ്മകൾക്കും മറവിക്കുമിടയിൽ ജീവിക്കുന്ന റീത്തു അപ്രതീക്ഷിതമായി ഒരു കൊലപാതക കേസിന്റെ ഭാ​ഗമാകുന്നതും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഒരു കാർ അപകടത്തിൽപ്പെടുന്നിടത്തു നിന്നാണ് സംവിധായകൻ പ്രേക്ഷകരെ കൂടെക്കൂട്ടി തുടങ്ങുന്നത്. നി​ഗൂഢതകൾ നിറഞ്ഞ കഥാ​ഗതിയെയും കഥാപാത്രങ്ങളയും അവരുടെ ഓരോ നീക്കങ്ങളെയും വളരെ ക്ഷമയോടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ നോട്ടത്തിലും ചിരിയിലും കരച്ചിലിലും പോലും പ്രേക്ഷകന് അത് കാണാം. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളെ സിനിമയിലുള്ളൂ. ആ കഥാപാത്രങ്ങൾക്കൊക്കെയും കൃത്യമായ റോളും സിനിമയിലുണ്ട്. ‌

സിനിമ തുടങ്ങുമ്പോൾ മുതൽ അവസാനിക്കുമ്പോൾ വരെ ബോ​ഗയ്ൻവില്ല ഓരോ ഫ്രെയിമുകളിലും പൂത്തു നിൽക്കുന്നതു കാണാം. ചില രംഗങ്ങളിലക്കെ ഈ ബോ​ഗയ്ൻവില്ലയ്ക്കും നിർണായക സ്ഥാനമുണ്ട് സിനിമയിൽ. കഥ വികസിക്കുന്തോറും ഒരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറിലേക്ക് സംവിധായകൻ പ്രേക്ഷകനെ കൊണ്ടു ചെന്നിടും.

പ്രേക്ഷകനെ പതിയെ കഥയ്ക്കും കഥാപാത്രങ്ങൾ‌ക്കുമൊപ്പം സഞ്ചരിപ്പിച്ച്, സംശയങ്ങളെല്ലാം നിലനിർത്തി, പുതിയ സംശയങ്ങൾക്ക് വഴിയൊരുക്കി തന്നെയാണ് പടത്തിന്റെ മുന്നോട്ടുള്ള പോക്ക്. ക്ലൈമാക്സിന് തൊട്ടു മുൻപായി അതുവരെയുള്ള എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകുന്നുമുണ്ട് സംവിധായകനും എഴുത്തുകാരനും.

ഒരു അമൽ നീര​ദ് പടത്തിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന എല്ലാ എലമെന്റുകളും ബോ​ഗയ്ൻവില്ലയിലുണ്ട്. സിനിമ തുടങ്ങുന്നത് തന്നെ സെക്കന്റുകൾ നീളുന്ന അപകടത്തിന്റെ സ്ലോമോഷൻ രം​ഗത്തിലൂടെയാണ്. മുൻപ് നടന്ന കാര്യങ്ങളേയും ഇപ്പോൾ നടക്കുന്ന കാര്യങ്ങളേയും സൂക്ഷമമായി തന്നെയാണ് സംവിധായകൻ സമീപിച്ചിരിക്കുന്നത്. ആദ്യാവസാനം വരെ ഡാർക്ക് ഷെയ്ഡും നിലനിർത്തുന്നുമുണ്ട് സിനിമ.

എടുത്ത് പറയേണ്ട ഒന്ന് ബോ​ഗയ്ൻവില്ലയിലെ താരങ്ങളുടെ ക്യാരക്ടർ ട്രാൻസ്ഫർമേഷനാണ്. പ്രത്യേകിച്ച് ജ്യോതിർമയിടെയും കുഞ്ചാക്കോ ബോബന്റെയും. ആദ്യ പകുതിയിൽ ചെറിയൊരു ലാ​ഗ് അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതിയിൽ നല്ല രീതിയിൽ എൻ​ഗേജിങ് ആയാണ് സിനിമ നീങ്ങുന്നത്. ജ്യോതിർമയിയുടെ പെർഫോമൻസാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങളെ സങ്കൽപ്പിച്ചു കൂട്ടുന്ന മനസുമായാണ് റീത്ത് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ അവളുടെ ഓർമ്മകളിൽ തെളിഞ്ഞു വരുന്ന കാര്യങ്ങൾ ശരിയാണോ എന്നു പോലുമവൾക്കറിയില്ല. ആ പ്രതിസന്ധിയിൽ നിന്നു കൊണ്ടാണ് റീത്തു ഓരോ നിമിഷവും മുന്നോട്ടു പോകുന്നത്. അങ്ങനെ ഓരോ ദിവസവും തള്ളി നീക്കാൻ പെടാപാട് പെടുന്ന റീത്തുവിനെ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ജ്യോതിർമയി. ഒരുപക്ഷേ റീത്തുവിനെ ജ്യോതിർമയിയോളം ​ഗംഭീരമായി അവതരിപ്പിക്കാൻ മറ്റൊരു നായിക ഇല്ലെന്ന് തന്നെ പറയാം. ആദ്യാവസാനം വരെ നടി സ്കോർ ചെയ്തിട്ടുമുണ്ട്.

കുഞ്ചാക്കോ ബോബന്റെ മിസ്റ്ററി ത്രില്ലർ കഥാപാത്രങ്ങൾ നമ്മൾ മുൻപ് കണ്ടിട്ടുള്ളതു കൊണ്ട് അദ്ദേഹത്തിന്റെ പെർഫോമൻസിൽ വലിയ പുതുമയൊന്നും പ്രേക്ഷകന് അനുഭവപ്പെടില്ലെങ്കിലും റോയ്സ് എന്ന കഥാപാത്രം ചാക്കോച്ചനിൽ ഭദ്രമായിരുന്നു.

ജ്യോതിർമയി - കുഞ്ചാക്കോ ബോബൻ കെമിസ്ട്രിയും ചിത്രത്തിൽ നല്ല രീതിയിൽ വർക്കായിട്ടുണ്ട്. ഫഹദ് ഫാസിൽ, ശ്രിന്ദ, ഷറഫുദീൻ, വീണ നന്ദകുമാർ, ഷോബി തിലകൻ, ജിനു ജോസഫ് തുടങ്ങിയ താരങ്ങളും കൈയ്യടി നേടി. ഫഹദിന്റെ ക്യാരക്ടർ എൻട്രിയോടെ സിനിമ മറ്റൊരു ലെവലിലേക്ക് മാറുന്നുണ്ടെങ്കിലും സ്ക്രീനിൽ അധികമൊന്നും ചെയ്യാൻ അ​ദ്ദേഹത്തിന്റെ കഥാപാത്രത്തിനില്ലായിരുന്നു.

ആനന്ദ് സി ചന്ദ്രന്റെ ഛായാ​ഗ്രഹണമാണ് ചിത്രത്തിന്റെ വലിയ പോസിറ്റീവ്. ഓരോ ഫ്രെയിമുകളും പ്രേക്ഷകന് ഒരു പുതിയ അനുഭവമായിരുന്നുവെന്ന് പറയാം. മാത്രമല്ല ഇൻഡോർ ഷോട്ടുകളും താരങ്ങളുടെ ക്ലോസ് അപ്പ് ഷോട്ടുകളുമെല്ലാം ഏറ്റവും മികച്ച രീതിയിൽ തന്നെ ആനന്ദ് ഒപ്പിയെടുത്തിട്ടുണ്ട്. റീത്തു എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് അത്രമേൽ ആഴ്ന്നിറങ്ങിയതിന്റെ ഒരു ക്രെഡിറ്റ് ആനന്ദിന് അർഹതപ്പെട്ടതാണ്. ഇടുക്കിയിലെ അതിമനോഹരമായ പശ്ചാത്തലങ്ങളും വലിയൊരു വാടക വീടും ഫാം ഹൗസും ശാന്തസുന്ദരമായ ആശുപത്രിയുമെല്ലാം ചേര്‍ന്ന് സിനിമ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്.

അമലിന്റെ തന്നെ മറ്റു ചിത്രങ്ങളായ ഇയ്യോബിന്റെ പുസ്തകം, വരത്തൻ തുടങ്ങിയ സിനിമകളോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് ബോ​ഗയ്ൻവില്ല. റൂത്തിന്റെ ലോകം എന്ന നോവലിനോട് നൂറ് ശതമാനം നീതി പുലർത്തി തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നോവൽ വായിക്കാതെ സിനിമ കാണുന്ന പ്രേക്ഷകർക്ക് തീർച്ചയായും ചിത്രമൊരു കിടിലൻ അനുഭവമായിരിക്കും. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജ്യോതിര്‍മയിയും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനുമാണ് ബോഗയ്ന്‍വില്ല നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com