ഇന്ത്യൻ സിനിമയിലെ റിബൽ സ്റ്റാർ എന്നാണ് പ്രഭാസ് അറിയപ്പെടുന്നത്. റിബൽ സ്റ്റാർ പ്രഭാസ് എന്ന ടൈറ്റിൽ കാർഡ് ബിഗ് സ്ക്രീനിൽ തെളിയുമ്പോൾ ആരാധകരുടെ നിർത്താതെയുള്ള കരഘോഷവും ആർപ്പുവിളികളും കാണാം. ഇന്ന് താരത്തിന്റെ 45-ാം ജന്മദിനമാണ്. 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ വിസ്മയമായി തീർന്ന പ്രഭാസിന്റെ പിറന്നാൾ ആഘോഷങ്ങൾ രണ്ട് ദിവസം മുൻപ് തന്നെ ആരാധകർ തുടങ്ങിയിരുന്നു.
പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ ആറു സൂപ്പർ ഹിറ്റുകളാണ് റീ റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മിസ്റ്റർ പെർഫെക്ട്, മിർച്ചി, ഛത്രപതി, റിബൽ, ഈശ്വർ, സലാർ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്തത്. അതേസമയം വമ്പൻ പ്രൊജക്ടുകളാണ് പ്രഭാസിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
പ്രശാന്ത് നീൽ ഒരുക്കി വൻ വിജയമായ സലാറിന്റെ രണ്ടാംഭാഗം സലാർ 2: ശൗര്യംഗ പർവം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ദ് രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. പ്രഭാസിന്റെ കരിയറിൽ വഴിത്തിരിവായി മാറിയ അഞ്ച് ചിത്രങ്ങളിലൂടെ.
പ്രഭാസിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രമാണ് ബാഹുബലി. 2015 ൽ പുറത്തിറങ്ങിയ ബാഹുബലി: ദ് ബിഗിനിങ് എന്ന ചിത്രം ആഗോള താരപദവിയിലേക്കുള്ള പ്രഭാസിൻ്റെ യാത്രയുടെ തുടക്കമായിരുന്നു. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇന്നും സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ പ്രഭാസെത്തിയത്. നടനെന്ന നിലയിൽ പ്രഭാസിന്റെ റേഞ്ച് എന്താണെന്ന് പ്രേക്ഷകർക്ക് മനസിലായ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സൂപ്പർ ഹിറ്റായി മാറി.
ബാഹുബലിയ്ക്ക് മുൻപ് രാജമൗലിയും പ്രഭാസും ഒന്നിച്ച ചിത്രമായിരുന്നു ഛത്രപതി. 2005 ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ശിവാജി എന്ന കഥാപാത്രമായി ചിത്രത്തിൽ പ്രഭാസ് തകർത്താടി. ചിത്രത്തിലെ പ്രഭാസിന്റെ ആക്ഷൻ രംഗങ്ങളും വലിയ പ്രേക്ഷക പ്രശംസ നേടി. ബോക്സോഫീസിലും ചിത്രം വൻ വിജയമായി മാറി. ഒരു ആക്ഷൻ ഹീറോയായി പ്രഭാസ് മാറുന്നതിന് കാരണമായ ചിത്രമായിരുന്നു ഛത്രപതി.
2013 ൽ പുറത്തിറങ്ങിയ മിർച്ചി പ്രഭാസിൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. പ്രഭാസും അനുഷ്‌ക ഷെട്ടിയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ശ്രദ്ധേയമായി. ചിത്രം വാണിജ്യമായി വിജയച്ചതോടെ പ്രഭാസിന്റെ താരമൂല്യവും ഉയർന്നു. 2013 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
ശോഭൻ സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷൻ ചിത്രമായിരുന്നു 2004 ൽ പുറത്തിറങ്ങിയ വർഷം. പ്രഭാസ്, തൃഷ, ഗോപിചന്ദ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പ്രഭാസിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായിരുന്നു വർഷം. തമിഴിൽ മഴൈ എന്ന പേരിലും ഹിന്ദിയിൽ ബാഗി എന്ന പേരിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ കൽക്കി 2898 എഡി വൻ വിജയമാണ് നേടിയത്. വൻ താരനിര അണിനിരന്ന ചിത്രം പ്രേക്ഷകർക്കൊരു ദൃശ്യവിരുന്ന് തന്നെയാണ് ഒരുക്കിയത്. കമൽ ഹാസൻ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, ദീപിക പദുകോൺ, ശോഭന തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിലേക്കെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക