ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് (എൽസിയു) വലിയൊരു ആരാധകനിര തന്നെയുണ്ട്. ലോകേഷ് സിനിമകളുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറുണ്ട്. യൂണിവേഴ്‌സിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം ഒരുങ്ങുന്നു എന്ന വാർത്തകൾ മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോൾ എൽസിയുവിന്റെ ആരംഭം വ്യക്തമാക്കുന്ന ആ ഹ്രസ്വ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ്.
ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വൃത്താകൃതിയിൽ വച്ചിരിക്കുന്ന തോക്കുകൾക്കും വെടിയുണ്ടകൾക്കും നടുവിലായി ഒരു ഷോട്ട്, 2 കഥകൾ, 24 മണിക്കൂർ എന്ന് കുറിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമർ, സന്താനം, ലിയോ തുടങ്ങിയ എൽസിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. നടൻ നരേനായിരുന്നു എൽസിയു ഹ്രസ്വ ചിത്രം ഒരുങ്ങുന്നതായി ആദ്യം അറിയിച്ചത്.
ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലായിരുന്നു നടൻ ഈ ഷോർട്ട് ഫിലിമിനെക്കുറിച്ച് പറഞ്ഞത്. 2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എൽസിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2 , റോളക്‌സിന്റെ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക