വ്യക്തി ജീവിതത്തില്‍ സംഭവിച്ച വേദനകള്‍ തുറന്ന് പറഞ്ഞ് ഗായിക വൈക്കം വിജയലക്ഷ്മി. സംഗീതത്തെ നിരുത്സാഹപ്പെടുത്തുന്ന, വിഷമിക്കുന്ന ഒരാള്‍ ഒപ്പം വേണ്ടെന്ന് തീരുമാനിച്ചുവെന്ന് വിജയലക്ഷ്മി പറഞ്ഞു. ഇനിയങ്ങോട്ട് സംഗീതം മതിയെന്ന് തീരുമാനിച്ചു. പരിപാടിക്ക് കൂടെ വരുമായിരുന്നെങ്കിലും സ്വൈര്യം തരില്ലായിരുന്നു. അങ്ങനെയുള്ളവര്‍ വേണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു. ആവശ്യമില്ലാത്ത ദേഷ്യമായിരുന്നു. നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ പെരുമാറും. വെട്ടിത്തുറന്ന് സംസാരിക്കുന്നത് രീതി തിരിച്ചടിയായിട്ടുണ്ടാവാം. അറിയില്ല. ഞാന്‍ എനിക്കിഷ്ടമുള്ള രീതിയിലാണ് സംസാരിക്കുന്നതെന്നും വിജയലക്ഷ്മി സമകാലിക മലയാളത്തോട് പറഞ്ഞു.
ദാസേട്ടന്‍, ജയചന്ദ്രന്‍ സാര്‍ അങ്ങനെ എല്ലാവരും ഫോണിലൂടെ സംഗീതം പഠിപ്പിക്കാറുണ്ട്. അമേരിക്കയിലാണെങ്കിലും ദാസേട്ടന്‍ വിളിക്കും. ഞാന്‍ അങ്ങോട്ട് വിളിച്ച് കിട്ടിയില്ലെങ്കില്‍ ഇങ്ങോട്ട് വിളിക്കും. ഞങ്ങള്‍ ഫോണിലൂടെ മ്യാവൂ പറയും. പണ്ട് വീട്ടില്‍ പൂച്ചയൊക്കെയുണ്ടായിരുന്നതുകൊണ്ടാവാം അതിനൊടൊക്കെയുള്ള ഇഷ്ടം കൊണ്ട് കിട്ടിയതാണ് മ്യാവൂ പറച്ചില്‍...ദാസേട്ടനും മ്യാവൂ പറയും. എം ജയചന്ദ്രന്‍ സാറും ശരത് സാറും എല്ലാം മ്യാവൂ പറയും. ദാസേട്ടനൊക്കെ പറയുന്നത് നല്ല രസമാണ്. എം ജയചന്ദ്രന്‍ സാറിന്റെ മ്യാവൂ കേട്ടാല്‍ ഒര്‍ജിനല്‍ പൂച്ച തോറ്റുപോകും.
അപൂര്‍വ രാഗങ്ങള്‍ കൂടുതല്‍ കേള്‍ക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പണി. ബാലമുരളീ സാറിന്റെ മൂന്ന് സ്വരങ്ങള്‍ മാത്രമുള്ള ഗണപതി രാഗമൊക്കെ അതില്‍പെടും. മൂന്ന് സ്വരങ്ങള്‍ ഒക്കെ വെച്ച് എത്ര നേരം പാടുമല്ലേ. എനിക്ക് അനുയോജ്യമായ ശ്രുതിയിലാണ് എപ്പോഴും പാട്ടുകള്‍ തെരഞ്ഞെടുക്കാറ്. ഓര്‍ക്കസ്ട്രയൊക്കെ ചെയ്ത് പോയെങ്കില്‍ ഹെഡ് വോയിസ് ഉപയോഗിച്ചും പാടിയിട്ടുണ്ട്. ദേവ വധുവായ് രാഗവതിയായ്...എന്ന പാട്ട് അങ്ങനെ പാടിയതാണ്. അതില്‍ ശ്രുതി 3 ആയിരുന്നു.
ദുല്‍ഖര്‍ സല്‍മാനെ നേരിട്ട് കാണണമെന്നാണ് ആഗ്രഹമെന്നും ഇതുവരെ നടന്നിട്ടില്ലെന്നും ഗായിക പറഞ്ഞു. ലാലേട്ടന്‍ ഫോണില്‍ സംസാരിക്കാറുണ്ട്. മമ്മൂക്കയെ പക്ഷേ, ഇപ്പോള്‍ ഫോണില്‍ കിട്ടുന്നില്ല. ഭാവിയില്‍ ഒരു സംഗീത യജ്ഞം ചെയ്യണമെന്നാണ് ആഗ്രഹമെന്നും വിജയലക്ഷ്മി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക