അഭിനയത്തോടുളള അടങ്ങാത്ത ആഗ്രഹം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിലേക്ക് എത്തിചേർന്ന നടനാണ് മമ്മൂട്ടി. തന്റെ സിനിമയോടുള്ള അടങ്ങാത്ത ആർത്തിയേക്കുറിച്ച് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. "മോഹൻലാൽ അടക്കം പലരും ഇൻബോൺ ആക്ടേഴ്സാണ്. ഞാനൊരു ആഗ്രഹ നടനാണ്. സിനിമയിൽ അഭിനയിക്കണമെന്ന തീവ്രമായ ആഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായി മാറിയ ഒരാൾ"- മമ്മൂട്ടി തന്നെ പറഞ്ഞ ഈ വാക്കുകളിൽ തന്നെയുണ്ട് സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഇഷ്ടവുമെല്ലാം.
മമ്മൂട്ടിയെ തേടി കഥയുമായി പോയവർക്കാർക്കും ഇതുവരെ നിരാശപ്പെടേണ്ടി വന്നിട്ടില്ല. പുതിയ ആളുകളുടെ കഥ കേൾക്കാനും അവർക്കൊപ്പം യാതൊരു മടിയുമില്ലാതെ പ്രവർത്തിക്കാനും മമ്മൂട്ടി എന്നും റെഡിയാണ്. കാലത്തിന് ഒപ്പം തന്നെയാണ് എന്നും അദ്ദേഹത്തിന്റെ മത്സരവും. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മമ്മൂട്ടി സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.
കാലമിനിയും തുറന്ന് വെക്കുന്ന മമ്മൂട്ടിക്കാലത്തെ കാണാൻ, ആസ്വദിക്കാൻ ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നു. മമ്മൂട്ടിയുടെ 73-ാം പിറന്നാൾ ദിനത്തിൽ ഒടിടിയിൽ ആസ്വദിക്കാം ഈ മമ്മൂട്ടി ചിത്രങ്ങൾ.
മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം. ഒരു നാടകവണ്ടിയുടെ വാൻ ബുക്ക് ചെയ്ത് വേളാങ്കണ്ണിയിൽ നിന്ന് തിരിക്കുന്നൊരു സംഘത്തിലെ ജെയിംസ് (മമ്മൂട്ടി) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ യാത്ര. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ആസിഫ് അലി, ഷൈൻ ടോം ചാക്കോ, സുധി കോപ്പ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. മണികണ്ഠൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തിയത്. ആമസോൺ പ്രൈമിലൂടെ ചിത്രം ആസ്വദിക്കാം.
നവാഗതയായ രത്തിന സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. പാർവതി തിരുവോത്ത്, അപ്പുണ്ണി ശശി, വാസുദേവ് സജീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കുട്ടൻ എന്ന കഥാപാത്രമായെത്തി മമ്മൂട്ടി പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരുന്നു റോഷാക്കിലെ ലൂക്ക് ആന്റണി. നിസാം ബഷീർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, സഞ്ജു ശിവറാം, ആസിഫ് അലി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാം.
റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, കിഷോർ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാം.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കാതൽ. സുധി കോഴിക്കോട്, ആർ.എസ്.പണിക്കർ, ജോജി ജോൺ, മുത്തുമണി, ചിന്നു ചാന്ദ്‌നി, കലാഭവൻ ഹനീഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ആമസോൺ പ്രൈമിലൂടെ ചിത്രം കാണാനാകും.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം: ദ് ഏജ് ഓഫ് മാഡ്‌നസ്. മലയാളത്തിലെ ഡാർക്ക് ഫാൻ്റസി ഹൊറർ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക