
വിവാദങ്ങൾ വേട്ടയാടുമ്പോഴും മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എംപുരാൻ തിയറ്ററുകളിൽ ഹൗസ്ഫുള്ളായി തന്നെ തുടരുകയാണ്. ലൂസിഫർ പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അബ്രാം ഖുറേഷിയുടെ മൂന്നാം വരവിന്റെ സൂചന നൽകിയാണ് എംപുരാൻ അവസാനിപ്പിക്കുന്നതും. എന്നാൽ എംപുരാൻ വലിയ വിവാദമായി മാറിയതോടെ ചിത്രത്തിന് ഇനി തുടർഭാഗം ഉണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകരിപ്പോൾ.
ഇതിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ഇത്തരം സംശയങ്ങളുടെയും ചർച്ചയുടേയുമൊന്നും ആവശ്യമില്ല ലൂസിഫർ മൂന്നാം ഭാഗമെത്തുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് ഇന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ലൂസിഫർ 3 വന്നാൽ ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന തരത്തിലും ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. 'ലൂസിഫര്‍' എന്ന പേരിന്റെ അര്‍ഥം- ദൈവത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ അഥവാ സാത്താന്‍ എന്നാണ്.
ചിത്രത്തില്‍ ദൈവമെന്ന വിശേഷണത്തോടെയാണ് പികെ രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് വിട്ട്, പള്ളിയും ആശ്രമവും ഉപേക്ഷിച്ച് സാത്താന്റെ വഴിയിലേക്ക് സഞ്ചാരം തുടങ്ങിയവനാണ് ആദ്യഭാഗത്തിലെ നായകന്‍ സ്റ്റീഫന്‍. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ് താനെന്ന് സ്റ്റീഫന്‍ തന്നെ പറയുന്നുണ്ട്. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ, ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് എംപുരാൻ എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്.
എംപുരാന്‍ എന്നത് ഒരു രാജാവിനേക്കാള്‍ മുകളിലാണ്. എന്നാല്‍ ദൈവത്തെക്കാള്‍ താഴ്ന്നവനുമാണ്. 'ദ് ഓവര്‍ലോര്‍ഡ്' അതാണ് എംപുരാന്റെ ശരിയായ അര്‍ഥം". പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞതാണ് ഇത്. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന് അസ്രേൽ എന്നായിരിക്കും പേര് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മരണത്തിന്റെ മാലാഖ എന്നാണ് അസ്രേൽ എന്ന വാക്കിനർഥം. ജൂത, ഇസ്ലാമിക വിശ്വാസങ്ങളിലാണ് അസ്രേൽ എന്ന മരണത്തിന്റെ മാലാഖയെക്കുറിച്ച് പറയുന്നത്. എന്തായാലും ലൂസിഫറും എംപുരാനും പോലെ തന്നെ ഒരു ബിഗ് മൂവി തന്നെയായിരിക്കും അസ്രേൽ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക