
ചിയാൻ വിക്രം നായകനായെത്തിയ വീര ധീര സൂരൻ പാർട്ട് 2 മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. എസ് യു അരുൺകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഏറെ നാളുകൾക്ക് ശേഷം വിക്രമിന്റെ ഒരു പവർ പാക്ക്ഡ് പെർഫോമൻസ് തന്നെയാണ് വീര ധീര സൂരൻ എന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
വിക്രമിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍ എംപുരാനെക്കാളും കളക്ഷനാണ് വീര ധീര സൂരൻ നേടിയിരിക്കുന്നത്.
അഞ്ച് ദിവസത്തിനുള്ളിൽ 23.50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിനം 3.2 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ കളക്ട് ചെയ്തത്. തമിഴ്നാട്ടിൽ ആദ്യ ദിനം 1.94 കോടി രൂപ ഗ്രോസ് നേടിയ എംപുരാൻ 5 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 6 കോടി രൂപയാണ് ഗ്രോസ് ചെയ്തത് എന്നാണ് കണക്കുകള്‍ പറയുന്നത്.
എന്നാൽ, ലോകമെമ്പാടും 200 കോടി രൂപയിലധികം ഗ്രോസ് ചെയ്ത് മലയാള സിനിമയിലെ ചരിത്ര റെക്കോർഡ് ചിത്രം സൃഷ്ടിച്ചു. 200 കോടി ഏറ്റവും വേഗം കടന്ന മലയാള ചിത്രമെന്ന റെക്കോർഡും എംപുരാന്‍ നേടി. വീര ധീര സൂരന് തമിഴ്നാട്ടിൽ ആദ്യദിനം രണ്ട് ഷോകൾ മാത്രമാണുണ്ടായത്.
രണ്ടാം ദിവസം 3.7 കോടിയും മൂന്നാം ദിവസം 5.5 കോടി, നാലാം ദിവസം 6.75 കോടി, അഞ്ചാം ദിവസം 4.35 കോടി എന്നിങ്ങനെ 5 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 23.50 കോടി രൂപ ഗ്രോസ് നേടിയിട്ടുണ്ട്. ആഗോള കളക്ഷനില്‍ 50 കോടി രൂപയിലധികം വീര ധീര സൂരൻ കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക