
മലയാളികൾക്കിടയിൽ കുറച്ചു ദിവസങ്ങളായി എംപുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ്. ചിത്രത്തിനെതിരെ വൻ തോതിൽ വിമർശനങ്ങളുയരുമ്പോൾ ചിത്രത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനവും തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം ആർടെക് മാളിൽ ആണ് 11.25 നുള്ള ഷോയിൽ റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദർശിപ്പിച്ചത്.
ചിത്രത്തിന്റെ പുതിയ പതിപ്പ് എല്ലാ തിയറ്ററുകളിലും ഇന്ന് മുതൽ ലോഡ് ചെയ്യും. അതേസമയം എംപുരാൻ സിനിമയ്ക്ക് മാധ്യമങ്ങൾ കൊടുക്കുന്ന അമിത പ്രാധാന്യത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ. എംപുരാൻ വിവാദം ഒരു മാർക്കറ്റിങ് തന്ത്രം മാത്രമാണെന്നും ഇതിനു പിന്നാലെ നടക്കാൻ നാണമില്ലേ എന്നും പാർവതി ചോദിക്കുന്നു.
‘‘ചെറിയൊരു കാര്യം ഓർമിപ്പിക്കാനാണ് ഇവിടെ വന്നത്. പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വീക്ഷിക്കുമ്പോഴും അവിടെയെല്ലാം ‘എംപുരാൻ’ സിനിമ മാത്രമാണ്. അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേ ഒള്ളൂ. ആവശ്യമുള്ളവർ സിനിമ പോയി കാണൂ, ഇല്ലാത്തവർ കാണണ്ട. ഇതൊക്കെ ഒരു മാർക്കറ്റിങ് ബിസിനസ് ആണ്. നമ്മുടെ നാട്ടിൽ, ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. ഇതൊരു സംഭവമാണോ എനിക്കറിയില്ല, ഈ പത്ര മാധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്.
നേരാംവണ്ണം ഒരു മൂത്രപ്പുര പോലും ഈ നാട്ടിൽ ഇല്ല. നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാൻ, ഇതിലുള്ള ബുദ്ധിമാന്മാരൊക്കെ അവരവരുടെ കുടുംബത്തിനു വേണ്ടി ഇഷ്ടം പോലെ പൈസ ഉണ്ടാക്കുന്നുണ്ട്. അല്ലേ, അതവർക്കു കൊള്ളാം. നമുക്കെന്തു നേട്ടം ഇതിനു പിന്നാലെയൊക്കെ നടന്നിട്ട്. പത്ര മാധ്യമങ്ങൾ ആവശ്യമില്ലാത്ത പ്രാധാന്യം ഇതിനു കൊടുക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. എന്തെല്ലാം കാര്യങ്ങളുണ്ട് ഈ നാട്ടിൽ.’’–പാര്‍വതി വിഡിയോയിൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക