
വിജയ് ദേവരക്കൊണ്ട നായകനായെത്തിയ അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ശാലിനി പാണ്ഡെ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മഹാരാജ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ശാലിനി അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി ആലിയ ഭട്ടുമായി തന്നെ താരതമ്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ശാലിനി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാലിനിയുടെ പ്രതികരണം.
ആലിയയുടെ രൂപവുമായും ശബ്ദവുമായും ശാലിനിക്ക് സാമ്യമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്റുകൾ വരാറുണ്ട്. ഇതിനെതിരെയാണ് ശാലിനി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ആലിയയോട് തനിക്ക് ആരാധനയുണ്ട്, എന്നാല്‍ തന്നെ താനായിട്ട് തന്നെ ആളുകള്‍ അറിയണമെന്നാണ് ആഗ്രഹമെന്നും ശാലിനി പറയുന്നു. ”ഇവിടെ മറ്റൊരു ആലിയയുടെ ആവശ്യമില്ല, കാരണം ആലിയ വളരെ അമേസിങ് ആക്ടര്‍ ആണ്.
സിനിമകള്‍ കൊണ്ട് മാത്രമല്ല, ഓണ്‍സ്‌ക്രീനില്‍ അവര്‍ അത്ഭുതമാണ്. എനിക്ക് അവരോട് ആരാധനയുണ്ട്. മറ്റൊരു ആലിയ ആകാന്‍ എനിക്ക് താല്‍പര്യമില്ല. നിങ്ങള്‍ക്ക് താല്‍പര്യമുള്ള നിരവധി പ്രശംസനീയമായ ഗുണങ്ങള്‍ അവരിലുണ്ട്, പക്ഷേ എനിക്ക് എന്റേതായ വ്യക്തിത്വമാണ് വേണ്ടത്. എനിക്ക് യോജിക്കാത്ത ഒരു കാര്യത്തിലേക്ക് എന്നെ തള്ളിവിടുന്നതിന് പകരം, ശാലിനി ആരാണെന്ന് ആളുകള്‍ എന്നെ കണ്ട് തന്നെ അറിയണമെന്നാണ് എന്റെ ആഗ്രഹം.
പക്ഷെ ആളുകള്‍ എന്നെ സ്‌നേഹത്തോടെ താരതമ്യം ചെയ്യുന്നതിനോട് കുഴപ്പമില്ല, കാരണം അവര്‍ ഭയങ്കര സുന്ദരിയാണ്".- ശാലിനി പാണ്ഡെ പറഞ്ഞു. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കടൈ ആണ് ശാലിനിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രാഹു കേതു എന്ന ചിത്രവും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡബ്ബ കാർട്ടൽ ആണ് ശാലിനിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ പ്രൊജക്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക