
മോഹൻലാൽ ചിത്രം എംപുരാന്റെ പശ്ചാത്തല സംഗീതവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും വൻ തോതിൽ വിമർശനങ്ങളുയർന്നിരുന്നു. സംഗീത സംവിധായകൻ ദീപക് ദേവിനെതിരെയായിരുന്നു കൂടുതലും വിമർശനങ്ങളുയർന്നത്. ഇപ്പോഴിതാ ദീപക് ദേവിനെ വിമർശിച്ചയാൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. താൻ ഈണമിട്ട ചില ഹിറ്റ് സിനിമകളിലെ പശ്ചാത്തല സംഗീതത്തിന്റെ യൂട്യൂബ് ലിങ്കുകൾ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇതിനു താഴെ ദീപക് ദേവിന്റെയും ഗോപി സുന്ദറിന്റെയും പശ്ചാത്തലസംഗീതങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് നിരവധി പേർ കമന്റുകളുമായി എത്തി. ‘ദീപക് ദേവ്, ഇങ്ങനെ വേണം സാധനം ഇറക്കി വിടാൻ. അല്ലാതെ കുറേ അലറിച്ച മാത്രം പോര’ എന്നാണ് ഒരാൾ കുറിച്ചത്. പിന്നാലെ ഗോപി സുന്ദറിന്റെ മറുപടി എത്തി.
"സുഹൃത്തേ, എന്റെ സഹോദരൻ ദീപക് അതിഗംഭീര സംഗീതജ്ഞനാണ്. അദ്ദേഹത്തേപ്പോലൊരു പ്രതിഭയെ ഇങ്ങനെ വിലയിരുത്തരുത്", എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്. ഗോപി സുന്ദറിനോട് മലയാളത്തിലേക്കു തിരിച്ചു വരണം എന്ന് അഭ്യർഥിച്ച ആൾക്കും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്.
"പ്രിയരേ, എന്റെ സംഗീതത്തോടു നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനു നന്ദി. ചില അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലായിരുന്നു ഇതുവരെ. ഇനി മുതൽ ഞാനിവിടെയുണ്ട്. മലയാളത്തിലെ മുഖ്യധാരാ പ്രൊജക്ടുകളിലേക്ക് ചലച്ചിത്രപ്രവർത്തകർ എന്നെ പരിഗണിക്കുമെന്നു കരുതുന്നു. എന്റെ സംഗീതയാത്രയുടെ പുതിയ ഘട്ടം പ്രദർശിപ്പിക്കാനും തിയറ്ററുകളിൽ എല്ലാവരെയും ത്രില്ലടിപ്പിക്കാനും ഞാൻ തയ്യാറാണ്.
ഇനി മുതൽ ഞാൻ എന്റെ സ്വന്തം നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതം പ്രവർത്തിക്കും. കൂടുതൽ നിർദേശങ്ങൾ ആരിൽ നിന്നും സ്വീകരിക്കില്ല. ഒരു സിനിമാ സംഗീത സാങ്കേതിക വിദഗ്ധൻ എന്ന നിലയിൽ എന്നെ ആത്മാർത്ഥമായി വിശ്വസിക്കുന്നവർ മാത്രം എന്നെ സമീപിക്കുക".- എന്നാണ് ഗോപി സുന്ദർ പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക