

എംപുരാൻ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നാണ് എംപുരാൻ സിനിമയുടെ അണിയറപ്രവർത്തകർ കാണിച്ചു തന്നതെന്ന് അഖിൽ മാരാർ. ഒരു സിനിമ ഇറങ്ങിയാൽ ചർച്ച ചെയ്യപ്പേടേണ്ടത് മതമല്ല, സിനിമയാണെന്നും ഒരു യൂട്യൂബ് ചാനലിനോട് അഖിൽ മാരാർ പ്രതികരിച്ചു.
"സിനിമ ഇറങ്ങിയതു മുതൽ മതപരമായ അടിയാണ് സാമൂഹിക മാധ്യമങ്ങളിൽ കണ്ടത്. സിനിമയെ കുറിച്ചുള്ള അഭിപ്രായമല്ല പലരും പോസ്റ്റ് ചെയ്യുന്നത്. ഗുജറാത്ത് കലാപവും ഹിന്ദുത്വഭീകരവാദികളുടെ നെറികേടുമാണ് പോസ്റ്റുകളിൽ പ്രതിഫലിച്ചത്. ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വർഷമായി. നരേന്ദ്ര മോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി. അവരതിന്റെ നേട്ടങ്ങളൊക്കെ നേടുകയും ചെയ്തു.
ഇനിയും ഈ കലാപത്തിന്റെ പേരുപറഞ്ഞ് ബിജെപിക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കി കൊടുക്കാനാണെങ്കിൽ ഇനിയും ഈ വിഷയം ചർച്ച ചെയ്യാം. എതിരാളി എങ്ങനെയാണ് ജയിക്കുന്നതെന്ന് തിരിച്ചറിയാതെ ഈ വിഷയം വീണ്ടും ചർച്ചയ്ക്കെടുക്കുമ്പോൾ മനുഷ്യൻ വീണ്ടും മതപരമായി തമ്മിലടിക്കുകയാണ് ചെയ്യുന്നത്. ഏതു രീതിയിലും സമൂഹത്തിലൊരു കുത്തിത്തിരിപ്പുണ്ടാക്കണമെന്ന് ഈ സിനിമയിൽ തന്നെ ഒരു കഥാപാത്രം കാണിച്ചു തരുന്നുണ്ട്. ജനത്തെ എങ്ങനെ ഒരു വിഡ്ഢിയാക്കി ഒരു നേതാവായി മാറാം എന്നത് ഈ സിനിമയിലൂടെ തന്നെ കാണിക്കുന്നു.
സിനിമയിൽ പറഞ്ഞ ഇതേ കാര്യമാണ് ഇവർ മാർക്കറ്റ് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു വശത്ത് ഗുജറാത്ത് കലാപവും ബിജെപിയും ആണെങ്കിൽ മറുഭാഗത്ത് ഐയുഎഫ് എന്ന് പറയുന്നത് യുഡിഎഫോ അല്ലെങ്കിൽ യുപിഎയോ ആയിരിക്കും. അങ്ങനെയാണെങ്കിൽ രാഹുൽ ഗാന്ധി അധികാരസ്ഥാനത്ത് ഒരു മോശപ്പെട്ടവനാണെന്നും അധികാരത്തിന് വേണ്ടി ഹിന്ദുത്വവാദികളോട് കൈകോർക്കുന്നവനാണെന്നും കോൺഗ്രസിൽ മതേതര മൂല്യം കാത്തുസൂക്ഷിക്കുന്ന ആരുമില്ലെന്നുമാണ് ഈ സിനിമ കാണിക്കുന്നത്.
അത് അംഗീകരിക്കാൻ സാധിക്കുമോ. ഒരു മുഖ്യമന്ത്രിക്ക് അത്തരത്തിൽ സമ്മേളനം വിളിക്കാനോ പിന്നീട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനും സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ലാലേട്ടന് മെസേജ് അയച്ചിരുന്നു. പണ്ട് മമ്മൂട്ടി - മോഹൻലാൽ എന്നു പറഞ്ഞാണ് ക്യാംപസുകളിൽ അടി നടന്നുകൊണ്ടിരുന്നത്. ഇതു മാറി മുസ്ലീം - ഹിന്ദു എന്നു പറഞ്ഞ് അടിയുണ്ടാകുകയും ഇത് പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
അത് ഏറ്റെടുക്കാൻ ഇരു വിഭാഗത്തിലെ മത തീവ്രവാദികളും ഇവിടെയുണ്ട്. മനുഷ്യനിലുള്ള സ്വഭാവ ഗുണങ്ങളിൽ ഓരോരുത്തരും വ്യത്യസ്തരായിരിക്കും. ഇതുപോലൊരു പ്രശ്നം കേരളത്തിൽ ആളി കത്തും. അത് ചൂണ്ടിക്കാട്ടിയാണ് ലാലേട്ടന് മെസേജ് അയച്ചത്. അദ്ദേഹം അത് മനസിലാക്കുകയും തിരിച്ച് മറുപടി നൽകുകയും ചെയ്തു".- അഖിൽ മാരാർ പറഞ്ഞു.
"മോഹൻലാൽ ഇടപെട്ടു, മുരളി ഗോപി ഒരക്ഷരം പോലും മിണ്ടിയില്ല. ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി. ഇതാണോ നിലപാട്. നാടു മുഴുവനും കലാപം നടക്കുന്നു. മനുഷ്യൻ തമ്മിലടിക്കുന്നു. നിശബ്ദത ഒരാളുടെ നിലപാടാണോ' തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാപ്പ് പറഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ കെട്ടടുങ്ങുമെങ്കിൽ മാപ്പ് ഏറ്റവും മൂല്യമുള്ള ഒന്നാണെന്നും" അഖിൽ മാരാർ കൂട്ടിചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates