
ലൈംഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയില്ലെന്ന് നടി നീന ഗുപ്ത. ആനന്ദമായി കരുതുന്നതിന് പകരം കടമയായാണ് ലൈംഗികതയെ കാണുന്നതെന്നും പുരുഷന്റെ ആനന്ദത്തിനും പ്രത്യുൽപാദനത്തിനും വേണ്ടി മാത്രമാണ് ലൈംഗികതയെന്നാണ് മിക്ക ഇന്ത്യൻ സ്ത്രീകളും വിശ്വസിക്കുന്നതെന്നും നീന ഗുപ്ത പറഞ്ഞു. ഒരഭിമുഖത്തിലായിരുന്നു നീന ഗുപ്തയുടെ തുറന്നുപറച്ചിൽ.
"ലൈംഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ തൊണ്ണൊറ്റൊൻപതോ അല്ലെങ്കിൽ തൊണ്ണൂറ്റഞ്ച് ശതമാനമോ സ്ത്രീകൾക്കും അറിയില്ല. ചെറിയൊരു വിഭാഗം സ്ത്രീകൾ മാത്രമാണ് സെക്‌സ് എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളു. ഭൂരിപക്ഷം സ്ത്രീകൾക്കും അത് ആസ്വാദ്യകരമല്ല. സെക്സ് എന്നത് ഓവർറേറ്റഡ് ആയ വാക്കാണെന്നും" അവർ പറഞ്ഞു.
ലൈംഗികതയെയും ലൈംഗികാഭിലാഷത്തെയുംകുറിച്ചുള്ള തന്റെ ധാരണകളെ സിനിമകൾ എങ്ങനെ രൂപപ്പെടുത്തിയെന്ന് അഭിമുഖത്തിൽ നീന തുറന്നു പറഞ്ഞു. "നമ്മുടെ സിനിമകളിൽ അവർ എന്താണ് കാണിച്ചത്? നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങളുടെ ഏറ്റവും അടിസ്ഥാനമായ കാര്യം ഒരു പുരുഷനെ കണ്ടെത്തുക എന്നതായിരുന്നു.
ഉമ്മ വെച്ചാൽ ഗർഭിണിയാവുമെന്ന് കുറേക്കാലം ഞാൻ കരുതിയിരുന്നു. അതാണ് സത്യമെന്ന് ഞാൻ കരുതി. നമ്മുടെ സിനിമകൾ നമുക്ക് കാണിച്ചുതന്നത് അതാണ്. പുരുഷന്മാരാണ് ബോസ് എന്നാണ് സിനിമകൾ പറഞ്ഞിട്ടുള്ളത്. ഇപ്പോഴുള്ള സിനിമകളിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷന്മാരെ ആശ്രയിക്കാതെ സ്ത്രീകൾ സമ്പാദിക്കാൻ ആരംഭിച്ചതോടെ വിവാഹമോചനങ്ങളും വർധിക്കാൻ തുടങ്ങി." നീന ഗുപ്ത പറഞ്ഞു.
മുൻപ് സ്ത്രീകൾക്ക് ജോലി ചെയ്ത് പണം സമ്പാദിക്കാനോ മതിയായ വിദ്യാഭ്യാസം നേടാനോ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ചില സ്ത്രീകൾ പുരുഷന്മാരേക്കാളും സമ്പാദിക്കുന്നുണ്ട്. കാര്യങ്ങൾ മാറിവരികയാണ്. "ഫെമിനിസം എന്നാൽ ശക്തയാവുക എന്നാണ്. എനിക്ക് അതാണ് ഫെമിനിസം. ഇന്ന് രാജ്യത്ത് സ്ത്രീകള്‍ക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചാല്‍ അത് സാധ്യമാകില്ല.
അവര്‍ സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷെ അത് സാധ്യമല്ല. സ്ത്രീകളെ പഠിപ്പിക്കാന്‍ അവര്‍ പറയുന്നു. അവരെ പഠിപ്പിച്ചാല്‍ അവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കും. അങ്ങനെ അവര്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, അവര്‍ ബലാത്സംഗം ചെയ്യപ്പെടും.”- നീന ഗുപ്ത അഭിമുഖത്തിൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക