Vijayaraghavan: 'പെണ്ണ് പോലുമില്ല, പക്ഷേ ആ പ്രണയത്തിന് ഒരു ലൈഫ് ഉണ്ട്'; സോൾട്ട് ആൻഡ് പെപ്പറിലെ കഥാപാത്രത്തെക്കുറിച്ച് വിജയരാഘവൻ

പ്രണയം എനിക്ക് അഭിനയിക്കാൻ ഇഷ്ടമില്ലാത്ത ഒരു സംഭവമാണ്.
Vijayaraghavan
വിജയരാഘവൻഎക്സ്പ്രസ്, വിഡിയോ സ്ക്രീൻഷോട്ട്
Updated on

ആഷിഖ് അബു സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ ചിത്രമാണ് സോൾട്ട് ആൻഡ് പെപ്പർ. 'ഒരു ദോശ ഉണ്ടാക്കിയ കഥ' എന്ന ടാ​ഗ്‌ലൈനിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ആ വർഷം സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിൽ ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് വിജയരാഘവനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ പ്രണയത്തെക്കുറിച്ച് പറയുകയാണ് വിജയരാഘവൻ.

ബാലകൃഷ്ണന്റെ പ്രണയത്തിന് ഒരു ലൈഫ് ഉണ്ട്. ചിത്രത്തിൽ ബാക്കിയുള്ളവരുടെ പ്രണയം പോലും ഇയാളുടെ പ്രണയത്തിലാണ് നിൽക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ. "പ്രണയം എനിക്ക് അഭിനയിക്കാൻ ഇഷ്ടമില്ലാത്ത ഒരു സംഭവമാണ്.

കാരണം എന്റെ പ്രണയം ഇങ്ങനെയല്ല, സിനിമയിലെ പ്രണയം അല്ല. ഞാൻ ചെറുപ്പം മുതൽ സിനിമ കാണുമ്പോൾ, നസീർ സാറിന്റെയൊക്കെ പ്രണയമുണ്ടല്ലോ, ഈ പൂവ് വച്ച് എറിയുന്നതൊക്കെ. അതൊന്നും എനിക്കൊരിക്കലും ചിന്തിക്കാൻ പോലും പറ്റില്ല. മരം ചുറ്റി ഓട്ടം അതൊന്നും എനിക്ക് പറ്റുകയേ ഇല്ല. അതുപോലെ ഡാൻസ് എനിക്ക് മനസിന് പിടിക്കാത്ത ഒന്നാണ്. കാരണം അത് പെണ്ണുങ്ങൾക്ക് ഉള്ളതാണെന്നുള്ള ഒരു തോന്നലായിരുന്നു.

എന്റെ സഹോദരിയെ ഡാൻ‌സ് പഠിപ്പിക്കാനായി അച്ഛൻ അയച്ചു, എന്നെ അയച്ചില്ല. എനിക്ക് പഠിക്കണമെന്നുമില്ല. അത് പെണ്ണുങ്ങൾക്ക് ഉള്ളതാണെന്ന തോന്നൽ കാരണമായിരിക്കാം. അങ്ങനെയുള്ള ഞാൻ എന്ത് ​ഗംഭീര കാമുകനെയാണ് സോൾട്ട് ആൻഡ് പെപ്പറിൽ ചെയ്തിരിക്കുന്നത്. അത് സംവിധായകന്റെ മിടുക്കാണ്. പക്ഷേ കാമുകിയെ കാണിക്കുന്നേയില്ല, അതിൽ ബാലകൃഷ്ണന്റെ ഒരു യാത്രയുണ്ട് അവളോടൊപ്പം.

എനിക്ക് തോന്നുന്നു ആ സിനിമയിൽ ലാലിന്റെ പ്രണയമുണ്ട് ശ്വേതയുമായിട്ട്, ആസിഫ് അലിയുടെ പ്രണയമുണ്ട്. പക്ഷേ എന്റെ പ്രണയം, പെണ്ണ് പോലുമില്ല, എന്തൊരു പ്രണയമാണ് അത്. ബാക്കിയുള്ളവരുടെ പ്രണയം പോലും ഇയാളുടെ പ്രണയത്തിലാണ് നിൽക്കുന്നത്. അവളെ കണ്ട ഓർമയൊക്കെ പറയുന്നുണ്ട്.

അത് ഭയങ്കര രസമുള്ള പ്രണയമല്ലേ, അതിലൊരു ലൈഫ് ഉണ്ട്. അഴകൊഴമ്പൻ പഞ്ചാര പ്രണയമല്ലല്ലോ. സത്യത്തിൽ എനിക്ക് പ്രായമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം. ഏകലവ്യനിലെ ചേറാടി സ്കറിയ എന്ന കഥാപാത്രമൊക്കെ രൺജി പണിക്കറോട് വഴക്കുണ്ടാക്കി ഞാൻ വാങ്ങിച്ച കഥാപാത്രമാണ്".- വിജയരാഘവൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com