Good Bad Ugly: 'ഫുൾ മാസ്, ഇതൊരു ഫാൻ ബോയ് സംഭവം! ലോജിക് മറന്നേക്ക്'; 'ഗുഡ് ബാഡ് അഗ്ലി' പ്രതികരണം
തമിഴ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി 'ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്' എന്നാണ് എക്സിൽ പലരും കുറിച്ചിരിക്കുന്നത്. 'ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്'. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും' പ്രേക്ഷകർ പറയുന്നു.
തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കൈയടി ലഭിക്കുന്നുണ്ട്. വിന്റേജ് അജിത് തിരികെയെത്തി എന്ന് പറയുന്നവരും കുറവല്ല. വേറെ ലെവൽ ആണ് ഗുഡ് ബാഡ് അഗ്ലി എന്ന് തന്നെയാണ് എക്സിൽ ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
അജിത് ആരാധകർക്കുള്ള വിരുന്നാണ് ചിത്രമെന്ന് കുറിക്കുന്നവരും കുറവല്ല. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായെത്തുന്നത്.
പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, പ്രിയ പ്രകാശ് വാര്യര്‍, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക