Rajinikanth: 'ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ജയലളിതയെ പ്രകോപിപ്പിച്ചത് ആ പ്രസം​ഗം'; 30 വർഷത്തിന് ശേഷം വെളിപ്പെടുത്തി രജനികാന്ത്

ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി. ഈ സംഭവം എന്റെയുള്ളില്‍ ഒരു മുറിവായി മാറി.
Rajinikanth
രജനികാന്ത്വിഡിയോ സ്ക്രീൻഷോട്ട്
Updated on

മൂന്ന് പതിറ്റാണ്ടിന് ശേഷം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാരണം തുറന്നു പറഞ്ഞ് നടൻ രജനികാന്ത്. ബാഷയുടെ നിർമാതാവും മുൻ മന്ത്രിയുമായ ആർഎം വീരപ്പന്റെ (ആർഎംവി) ഒന്നാം ചരമ വാർഷിക ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് രജനിയുടെ തുറന്നുപറച്ചിൽ. വളരെ അസ്വസ്ഥവും മറക്കാനാവാത്തതുമാണെന്നാണ് ഈ സംഭവത്തെക്കുറിച്ച് രജനികാന്ത് പറഞ്ഞത്.

1995 ൽ ബാഷ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷച്ചടങ്ങ് നടക്കുകയായിരുന്നു. വേദിയിൽ അന്ന് കാബിനറ്റ് മന്ത്രിയായിരുന്ന ആർഎംവിയുമുണ്ടായിരുന്നു. ഈ ചടങ്ങിൽ സംസാരിക്കുമ്പോൾ താൻ അറിയാതെ ഒരു രാഷ്ട്രീയ വിവാദത്തിന് കാരണമായെന്ന് രജനികാന്ത് പറഞ്ഞു. വേദിയിൽ ഒരു മന്ത്രിയുണ്ട് എന്ന കാര്യമോർക്കാതെ സർക്കാരിനെതിരെ പറഞ്ഞു പോയി.

അതേക്കുറിച്ച് അന്ന് വ്യക്തതയുണ്ടായിരുന്നില്ല. സർക്കാരിനെതിരായ പ്രസം​ഗത്തെ എതിർക്കാത്തതിനാൽ അന്ന് എഐഎഡിഎംകെ മന്ത്രിയായിരുന്ന ആർഎംവിയെ ജയലളിത മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയെന്നും രജനികാന്ത് വ്യക്തമാക്കി.

"അദ്ദേഹത്തെക്കുറിച്ച് (ആർ‌എം‌വി) സംസാരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അദ്ദേഹത്തെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചു. പക്ഷേ മന്ത്രി ആ കാര്യം തള്ളിക്കളയുകയും ആ സംഭവത്തേക്കുറിച്ച്, മറന്നേക്കാനും പറഞ്ഞു. പകരം സിനിമയുടെ ഷൂട്ടിങ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു.

ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി. ഈ സംഭവം എന്റെയുള്ളില്‍ ഒരു മുറിവായി മാറി. ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. കാരണം വേദിയിൽ അവസാനം സംസാരിച്ച വ്യക്തി ഞാനായിരുന്നു. അതിനുശേഷം അതിനോട് പ്രതികരിക്കാൻ ആർഎംവിക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ സ്വന്തം തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ആർഎംവി പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ പേര് കളഞ്ഞുകുളിക്കരുതെന്നും ആർഎംവി ആവശ്യപ്പെട്ടു. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഒരു മികച്ച മനുഷ്യനും യഥാർഥ കിങ് മേക്കറും ആയത്".- രജനികാന്ത് പറഞ്ഞു.

ജയലളിതയെ രാഷ്ട്രീയമായി എതിർക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് രജനികാന്ത് സമ്മതിക്കുന്നുണ്ട് വിഡിയോയിൽ. ഈ സംഭവം തന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com