'സൗദി മാറി; അഞ്ചാറു വർഷം കൊണ്ട് ഇന്ത്യയ്ക്ക് ഉണ്ടായത് പുരോ​ഗതിയാണോ അധോ​ഗതിയാണോ എന്നതിൽ എനിക്ക് സംശയമുണ്ട്'

ഞാന്‍ 2019 ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023 ല്‍ പോയപ്പോള്‍ കണ്ടത്.
Tovino Thomas
ടൊവിനോവിഡിയോ സ്ക്രീൻഷോട്ട്
Updated on

ബേസിലിനെ നായകനാക്കി നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. ഏപ്രിൽ 10 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എന്നാൽ ചിത്രത്തിന് സൗദിയിലും കുവൈറ്റിലും വിലക്കേർപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളിലും ചിത്രത്തിനുണ്ടായ നിയന്ത്രണം ആ രാജ്യങ്ങളിലെ നിയമപ്രകാരമുള്ളതാണെന്ന് ടൊവിനോ പറഞ്ഞു.

ചിത്രം റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. കുവൈറ്റില്‍ സിനിമയിലെ ആദ്യ പകുതിയിലേയും രണ്ടാം പകുതിയിലേയും ചില രംഗങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന് സൗദിയില്‍ സമ്പൂര്‍ണ പ്രദര്‍ശന വിലക്കാണ്‌.

ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തി താരനിരയില്‍ ഉള്ളതുകൊണ്ടാണ് പ്രദര്‍ശന നിയന്ത്രണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. "കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് ഓരോ രാജ്യങ്ങളുടെ... നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യം ചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമം വേറെയാണ്. തത്കാലം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്". -ടൊവിനോ പറഞ്ഞു.

"അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകള്‍ ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. അവര്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്.", -ടൊവിനോ വ്യക്തമാക്കി.

"സൗദിയെപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019 ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023 ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. 2019 ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്.

കഴിഞ്ഞ അഞ്ചാറു വര്‍ഷം കൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്", ടൊവിനോ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ അഭിപ്രായം എന്താണെന്ന ചോദ്യത്തോട് തനിക്ക് സംശയമുണ്ട് എന്ന നിലപാട് ടൊവിനോ ആവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com