

ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ സ്ഥിരമായി താടി ലുക്കില്‍ എത്തിത്തുടങ്ങിയത്. ഒടിയനില്‍ ലാലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ബോട്ടോക്‌സ് ചികിത്സയ്ക്ക് വിധേയമായെന്നും അതിന് ശേഷം സ്വാഭാവിക സൗന്ദര്യം താരത്തിന് നഷ്ടമായെന്നും അതിനാലാണ് താടി വളര്‍ത്തിയതെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
എന്തായാലും വീണ്ടും മോഹൻലാലിന്റെ താടി ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന സിനിമയുടെ പുതിയ ടീസറിലാണ് മോഹൻലാൽ തന്റെ താടിയെക്കുറിച്ച് പറയുന്നത്. ശോഭനയും മോഹൻലാലും തമ്മിലുള്ള രസകരമായൊരു സംഭാഷണമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
താടി വെട്ടാൻ പോകുന്ന മോഹൻലാലിനോട്, ആ താടി അവിടെ ഇരുന്നാൽ ആർക്കാണ് പ്രശ്നമെന്ന് ശോഭന ചോദിക്കുന്നു. ‘ഡേയ്, ഇന്ത താടി ഇരുന്താൽ യാർക്കാടാ പ്രച്നമെന്ന്’ മോഹൻലാലും സ്വയം ചോദിക്കുന്നു. താടി വടിക്കാത്തതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ഉയര്‍ന്നിരുന്ന ട്രോളുകൾക്കൊരു മറുപടി കൂടിയാണ് ഈ രംഗമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates