
സൈജു കുറുപ്പിന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ആട്. ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രത്തിന് ഇന്നും മലയാളികൾക്കിടയിൽ ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ ആടിലെ ആ കഥാപാത്രത്തിന് തനിക്ക് റെഫറൻസ് ഒന്നുമുണ്ടായിരുന്നില്ല എന്ന് പറയുകയാണ് സൈജു കുറുപ്പ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വിചാരിക്കുന്നതു പോലെ അറയ്ക്കൽ അബു എന്ന കഥാപാത്രം ചെയ്യുക അത്ര എളുപ്പം ആയിരുന്നില്ല. അതിന് എനിക്ക് റെഫറൻസുകൾ ഒന്നുമില്ലായിരുന്നു. ആടിൽ ഞാൻ ചാൻസ് അങ്ങോട്ട് ചോദിച്ച് കയറിയതാണ്. അപ്പോൾ നമ്മൾ സംവിധായകനെ എങ്ങനെയെങ്കിലും ഇംപ്രസ് ചെയ്യണമല്ലോ. ഞാൻ മിഥുനെ ചാൻസ് ചോദിച്ച് വിളിച്ചപ്പോൾ, ആദ്യം എന്നോട് പറഞ്ഞത്, ചേട്ടാ ഞങ്ങൾ വിചാരിച്ചത് ചേട്ടൻ ഔട്ട് ആയ നടൻ ആണെന്നാണ്.
പക്ഷേ ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരമായി എന്ന് പറഞ്ഞു. പക്ഷേ അവർ എന്നെ കാസ്റ്റ് ചെയ്യുകയും ചെയ്തു. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ മിഥുനെ വിളിച്ചു, ഷൂട്ട് പറഞ്ഞ അന്ന് തന്നെ അല്ലേ എന്ന് ചോദിച്ചു. ഞാൻ എന്തെങ്കിലും ഹോം വർക്ക് ചെയ്യേണ്ടതായിട്ടുണ്ടോ എന്ന് ചോദിച്ചു. അത് ഞാൻ ഇംപ്രസ് ചെയ്യാൻ വേണ്ടിയാണ് ചോദിച്ചത്. എന്റെ പൊന്ന് ചേട്ടാ നിങ്ങൾ ഒന്നും ചെയ്യണ്ട, താടിയും മുടിയും വളർത്തിയിട്ട് ലൊക്കേഷനിലേക്ക് വന്നാൽ മതിയെന്ന് മിഥുൻ എന്നോട് പറഞ്ഞു.
അങ്ങനെ ലൊക്കേഷനിൽ ചെല്ലുന്നു, അറയ്ക്കൽ അബുവിന്റെ ലുക്കിലേക്ക് മാറുന്നു. പിന്നെ അതങ്ങ് ചെയ്യുകയാണ്. ഇതിൽ എനിക്കൊരു റെഫറൻസ് പോലുമില്ല. സാധാരണ എന്റെ മറ്റു സിനിമകളിൽ ഞാൻ ചിലയാളുകളുടെ റെഫറൻസ് പിടിക്കാൻ ശ്രമിക്കാറുണ്ട്. ആട് രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോൾ എനിക്ക് കുറച്ച് കൺഫ്യൂഷനൊക്കെ ഉണ്ടായിരുന്നു.
സീൻ എന്താണോ ഡിമാൻഡ് ചെയ്യുന്നത്, അങ്ങനെ അഭിനയിച്ചാൽ മതിയെന്ന് മിഥുൻ പറഞ്ഞു. ആട് 3 ഫുൾ കോമഡിയാണെങ്കിലും ചെറിയൊരു വ്യത്യാസമുണ്ട്. അതൊരു സസ്പെൻസ് ആണ്, അറയ്ക്കൽ അബുവിന് കുതിര സവാരിയൊക്കെ ഉണ്ട്".- സൈജു കുറുപ്പ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക