
സൂപ്പര്‍ താരം രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് മുൻ നടി കൂടിയായ ട്വിങ്കിള്‍ ഖന്ന. അച്ഛനേയും അമ്മയേയും പോലെ സിനിമയിലെത്തിയെങ്കിലും വിജയിക്കാന്‍ ട്വിങ്കിളിന് സാധിച്ചില്ല. കുറച്ച് സിനിമകള്‍ ചെയ്ത ശേഷം എന്നന്നേക്കുമായി സിനിമ ഉപേക്ഷിക്കുകയായിരുന്നു അവർ. പിന്നീട് മാധ്യമ പ്രവര്‍ത്തകയായും എഴുത്തുകാരിയായും സ്വന്തമായി മാറിയ ട്വിങ്കിളിന് ആ മേഖലയില്‍ വിജയിക്കാനും സ്വന്തമായൊരു ഇടം കണ്ടെത്താനും സാധിച്ചിരുന്നു.
ട്വിങ്കിളിന്റെ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകളായി മാറിയിരുന്നു. ഇന്ന് സേഷ്യല്‍ മീഡിയയിലും സജീവമാണ് ട്വിങ്കിള്‍. ഇപ്പോഴിതാ തന്റെയും സഹോദരി റിങ്കെ ഖന്നയ്ക്കുമിടയിലുണ്ടായ രസകരമായ ഒരു സംഭവം പറയുകയാണ് ട്വിങ്കിൾ. കഴിഞ്ഞ വർഷം അച്ഛൻ രാജേഷ് ഖന്നയ്ക്കും സഹോദരിക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങൾ ട്വിങ്കിൾ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരുന്നു.
"ഞാനും അനിയത്തിയും തമ്മിൽ ഒരു വർഷത്തെ വ്യത്യാസമേയുള്ളൂ. ഞാൻ ഭയങ്കര വലുതായിരുന്നു, അവൾ ചെറുതും. ചില സമയങ്ങളിൽ, ഞങ്ങൾ ടോമിനെയും ജെറിയേയും പോലെയായിരുന്നു, ചിലപ്പോൾ എന്റെ ഭാരം അനുസരിച്ച്, ലോറലും ഹാർഡിയും. തീർച്ചയായും, ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുമായിരുന്നു.- ട്വിങ്കിൾ കുറിച്ചു.
റിങ്കെയുടെ ഭർത്താവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ചെയ്ത ഒരു തമാശയേക്കുറിച്ചും ട്വിങ്കിൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "അവളുടെ ഭർത്താവ് ആദ്യമായി അവളെ കാണാൻ വന്നപ്പോൾ, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞങ്ങളുടെ അച്ഛന്മാർ വെവ്വേറെയാണെന്ന്. എന്റെ അച്ഛൻ വിനോദ് ഖന്നയാണ്, അവളുടെ അച്ഛൻ രാജേഷ് ഖന്നയാണ്. അതുകൊണ്ടാണ് എനിക്ക് പൊക്കമുള്ളതും അവൾക്ക് പൊക്കമില്ലാത്തതും. ഇത് കേട്ടതും അവൾക്ക് വല്ലാതെ ദേഷ്യം വന്നു.
പക്ഷേ എനിക്കത് വളരെ തമാശയായി തോന്നി. പക്ഷേ എനിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴെല്ലാം, അവളാണ് ആദ്യം എനിക്കൊപ്പം നിൽക്കുന്നത്. ദൈനംദിന കാര്യങ്ങളേക്കുറിച്ച് സംസാരിക്കാൻ വേണ്ടിയാണെങ്കിൽ പോലും അവൾ എല്ലാ ദിവസവും എന്നെ വിളിക്കും.
ജീവിതം ഒരു മരുഭൂമിയാണെങ്കിൽ, അവൾ എന്റെ ഒരേയൊരു മരുപ്പച്ചയാണെന്ന് എനിക്ക് പറയാനാവില്ല, പക്ഷേ എനിക്കറിയാം കത്തുന്ന സൂര്യനു കീഴിൽ, ആ വീതിയേറിയ തൊപ്പി അവൾ തീർച്ചയായും എനിക്കായി പങ്കുവെക്കും. എന്റെ വഴിയിൽ കുറച്ച് തണൽ നൽകാൻ വേണ്ടിയാണെങ്കിൽ പോലും".- ട്വിങ്കിൾ ഖന്ന കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക