
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്ഡെ. സൂപ്പർ താരങ്ങൾക്കൊപ്പം നിരവധി സിനിമകളാണ് പൂജയുടെ ലൈൻ അപ്പിലുള്ളത്. നിലവിൽ സൂര്യ നായകനായെത്തുന്ന റെട്രോ ആണ് പൂജയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് ഒന്നിനാണ് റിലീസിനെത്തുക. രജനികാന്ത് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തുന്ന കൂലിയിലും പൂജ ഒരു ഡാൻസ് നമ്പറുമായെത്തുന്നുണ്ട്. ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററുകളിലെത്തുക.
ചിത്രീകരണം പൂർത്തിയായ കൂലി ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ച് പൂജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "ഞാൻ ഒരു ഗാനത്തിൽ നൃത്തം ചെയ്യുകയും ചിത്രത്തിൽ ഒരു സ്പെഷ്യൽ വേഷം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമന്നയുടെ ജയിലറിലെ കാവാലാ എന്ന ഗാനത്തേക്കാൾ രസകരമായിരിക്കും ഇതെന്നും' പൂജ പറഞ്ഞു.
ഡാൻസിന്റെ കൊറിയോഗ്രഫിയും താൻ നന്നായി ആസ്വദിച്ചുവെന്ന് പൂജ കൂട്ടിച്ചേർത്തു. അല്ലു അർജുനൊപ്പമുള്ള അടുത്ത സിനിമയേക്കുറിച്ചുള്ള ചോദ്യത്തിനും നടി അഭിമുഖത്തിൽ മറുപടി നൽകി. നല്ല കഥയും കഥാപാത്രവും വരുകയാണെങ്കിൽ, ഞങ്ങൾക്ക് ചേരുന്നതാണെങ്കിൽ ഉറപ്പായും ഞങ്ങൾ അത് ചെയ്യും എന്നാണ് പൂജ പറഞ്ഞത്. മുൻപ് അല വൈകുണ്ഠപുരമുലൂ, ഡിജെ: ദുവ്വാഡ ജഗന്നാഥം എന്നീ ചിത്രങ്ങളിൽ പൂജയും അല്ലു അർജുനും ഒന്നിച്ചെത്തിയിരുന്നു.
രണ്ട് ചിത്രങ്ങളും തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. എന്തായാലും ഇരുവരും ഒന്നിച്ചുള്ള സിനിമ ഉടൻ സംഭവിക്കട്ടെ എന്നാണ് പൂജയുടെ വാക്കുകൾക്ക് താഴെ നിറയുന്ന കമന്റുകൾ. പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഹേയ് ജവാനി തോ ഇഷ്ക് ഹോന ഹേ എന്ന ബോളിവുഡ് ചിത്രത്തിലും പൂജയാണ് നായികയായെത്തുന്നത്. വരുൺ ധവാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ